തിരുവനന്തപുരം : പൊലീസുകാരെ കൊണ്ട് മറ്റ് ജോലികൾ ചെയ്യിക്കരുതെന്ന ഡി.ജി.പിയുടെ സർക്കുലർ കാറ്റിൽ പറത്തി പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാർക്ക് വീണ്ടും അടിമപ്പണി. ക്യാമ്പിന് സമീപത്തെ കേന്ദ്രീയ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി സാധനങ്ങൾ മാറ്റാനാണ് പൊലീസുകാരെ നിയോഗിച്ചിരിക്കുന്നത്. എസ്.എ.പി ക്യാമ്പിലെ പൊലീസ് ബാരക്കിലാണ് കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ക്യാമ്പിൽ തന്നെ അടുത്തിടെ സ്‌കൂളിനായി പുതിയ കെട്ടിടം പണികഴിപ്പിച്ചിരുന്നു. ബാരക്കിൽ നിന്നും മേശയും കസേരയും അടക്കമുള്ള സാധനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് ചുമന്നു മാറ്റുന്ന ജോലിയാണ് പൊലീസുകാർക്ക്. ഒരു മാസം മുമ്പ് പാസിംഗ് ഔട്ട് കഴിഞ്ഞ പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിച്ചാണ് പൊലീസുകാരെ കൊണ്ട് ജോലിയെടുപ്പിക്കുന്നത് എന്നാണ് ആക്ഷേപം. നേരത്തെ എസ്.എ.പി ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരെയും ഡ്രൈവർമാരെയും മറ്റുജോലികൾക്ക് നിയോഗിച്ചത് വിവാദമായിരുന്നു.