namo

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളെ കായികമായി എതിരിടുന്ന രീതി സി.പി.എം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. നിലവിലുള്ള പ്രവർത്തന ശൈലി സി.പി.എം അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഗതി കേരളത്തിലെ സി.പി.എമ്മിനുമുണ്ടാകും. വടകര മണ്ഡലത്തിൽ എതിർസ്ഥാനാർത്ഥിയെ വധിക്കാൻ വരെ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം 'കേരളകൗമുദി ഫ്ളാഷി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിയാണെങ്കിലും കേരളത്തിന്റെ വികസനത്തിനായി യത്നിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിക്കും. കേന്ദ്ര പദ്ധതികൾ കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കാനും പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ കേരളത്തിന്റെ താല്പര്യങ്ങൾ കൂടി പരിഗണിക്കുന്ന വിധത്തിൽ അത് തയ്യാറാക്കാനും ശ്രമം നടത്തും. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് ‌ഞങ്ങളുടെ കാഴ്ചപ്പാട്. സി.പി.എമ്മുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം നിലനിറുത്തിക്കൊണ്ടുതന്നെ സംസ്ഥാന സർക്കാരുമായി വികസന കാര്യങ്ങളിൽ സഹകരിക്കും. സമവായത്തിന്റെ സമീപനമായിരിക്കും ഇക്കാര്യത്തിൽ സ്വീകരിക്കുക. സത്യപ്രതി‌ജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കാം. അതേസമയം എതിർപക്ഷത്തുള്ള മുഖ്യമന്ത്രിമാരെയും ചടങ്ങിന് വിളിക്കുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം.

മറ്രുള്ള സ്ഥലങ്ങളിലുണ്ടായതിന് സമാനമായി മോദി തരംഗം കേരളത്തിൽ ഉണ്ടാകാത്തത് എന്തെന്ന് വിശദമായി പരിശോധിക്കും. രാജ്യത്തെമ്പാടും ഭരണ അനുകൂല തരംഗമാണ് ഉണ്ടായിരുന്നത്. മോദി ഭരണത്തിന്റെ നേട്ടങ്ങൾ കേരളത്തിലെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അക്കാര്യം പരിശോധിക്കും. ശബരിമല വിഷയം ഏറ്രെടുത്തതിനാൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ അതിൽ കൂടുതൽ പിന്തുണ കിട്ടേണ്ടിയിരുന്നു എന്നാണ് മനസ്സിലാകുന്നത്. വികസന കാര്യങ്ങളിൽ കേരളത്തിന്റെ താൽപ്പര്യത്തിനായി നിലകൊള്ളും. ദേശീയപാതാ വികസനത്തിൽ ഉണ്ടായ ആശയക്കുഴപ്പം കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ പരിഹരിച്ചു കഴിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.