s-jayashankar

വിദേശകാര്യ സർവീസിൽ നിന്ന് കേന്ദ്രമന്ത്രിയാവുകയും തുടർന്ന് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യ വ്യക്തി മലയാളിയാണ് - കെ.ആർ. നാരായണൻ.

എന്നാൽ വിദേശകാര്യ സർവീസിൽ നിന്ന് ഒരു പാർട്ടിയിലും അംഗമാകാതെ കേന്ദ്രമന്ത്രിയായ ആദ്യ വ്യക്തിയാണ് എസ്. ജയശങ്കർ.

വിദേശ രാജ്യങ്ങളിൽ മോദിയുടെ ഇമേജ് ഉയർത്താനുള്ള കർമ്മതന്ത്രങ്ങളുടെ ചുക്കാൻ പിടിച്ചത് ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു.

അമേരിക്ക, ചൈന, ഇസ്രയേൽ, റഷ്യ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രമുഖരുമായി ദീർഘകാലമായി ജയശങ്കർ പുലർത്തിയ അടുത്ത ബന്ധമാണ് അദ്ദേഹത്തിന് മുതൽക്കൂട്ടായതും മോദിയുടെ ഏറ്റവും അടുത്ത വൃത്തത്തിലെ പ്രധാന കണ്ണിയാകാൻ സഹായിച്ചതും.

യു.പി.എ ഭരണകാലത്ത് ദീർഘകാലം ചൈനയിൽ സ്ഥാനപതി ആയിരുന്നു . അതിനുശേഷം അമേരിക്കയിൽ സ്ഥാനപതിയായി. ജയശങ്കറിന്റെ ആദ്യ നിയമനം റഷ്യയിലായിരുന്നു. റഷ്യൻ ഭാഷാ വിദഗ്ദ്ധൻ കൂടിയാണ്.

അമേരിക്കൻ സ്ഥാനപതി സ്ഥാനത്തു നിന്നാണ് ജയശങ്കർ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായത്. ആ കാലയളവിൽ ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ മോദി നടത്തിയ പ്രകടനം ആഗോള ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നിൽ ജയശങ്കറിന്റെ കരങ്ങളായിരുന്നു.

ഇസ്രയേലിലും പ്രവർത്തിച്ചിട്ടുള്ള ജയശങ്കർ ഇന്ത്യയും ഇസ്രയേലും തമ്മിൽ തന്ത്രപ്രധാനമായ ബന്ധം ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറിയതിനു പിന്നിലും ജയശങ്കറായിരുന്നു.

ചൈനയുമായി ബന്ധപ്പെട്ട ജയശങ്കറിന്റെ അനുഭവ പരിചയം വിദേശകാര്യ വൃത്തങ്ങളിൽ ശ്ലാഘിക്കപ്പെടുന്നതാണ്. 73 ദിവസം നീണ്ട ഡോക‌്‌ലാം പ്രതിസന്ധി രമ്യമായി പരിഹരിച്ചത് ജയശങ്കറിന്റെ ഇടപെടലിനെത്തുടർന്നാണ്.

മുൻ യു. പി. എ സർക്കാർ അമേരിക്കയുമായുണ്ടാക്കിയ ആണവകരാറിന് പിന്നിലും ജയശങ്കർ പ്രവർത്തിരുന്നു.

ആണവ - യുദ്ധതന്ത്ര വിഷയങ്ങളിൽ വിദഗ്ദ്ധനായിരുന്ന കെ. സുബ്രഹ്മണ്യത്തിന്റെയും സുലോചനയുടെയും മകനായി ജനിച്ച ജയശങ്കർ ഡൽഹി ജെ.എൻ.യു.വിൽ നിന്നാണ് രാഷ്ട്രീയ മീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയത്. 1977ലാണ് വിദേശകാര്യ സർവീസിൽ ചേർന്നത്. അതിന് മുമ്പ് കുറച്ചുകാലം പത്രപ്രവർത്തകനായും പ്രവർത്തിച്ചു. സർവീസിൽ നിന്ന് വിരമിച്ചശേഷം അദ്ദേഹം ടാറ്റാ സൺസിൽ ഉന്നത പദവി വഹിക്കുകയായിരുന്നു.