photo

പാലോട് : മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനുകൾ സ്ഥാപിച്ച് വനമേഖലയിൽ മാതൃകയാകാൻ പദ്ധതിയിട്ട വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ പാതിവഴിയിലായെന്ന് ആക്ഷേപം. വനമേഖലയുടെ സംരക്ഷണവും വന്യജീവി പരിപാലനവും ലക്ഷ്യമിട്ട് വനംവകുപ്പ് ആരംഭിച്ച ജില്ലയിലെ മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനുകളാണ് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്തത്. പാലോട് ഡിവിഷനിലെ കല്ലാറിലും കുളത്തൂപ്പുഴ ഡിവിഷനിലെ വേങ്കൊല്ലയിലുമാണ് ഫോറസ്റ്റ് സ്‌റ്റേഷൻ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയത്. 1.80 കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുമുണ്ട്. ഇതിൽ കല്ലാറിൽ മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തനം തുടങ്ങിയത്. ഇവിടെ കെട്ടിടം നിർമ്മിച്ച് കാട്ടുകമ്പുകൾ കൊണ്ട് വേലി കെട്ടി ''സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്'' അധികൃതർ. കെട്ടിട നിർമ്മാണത്തിൽ അപാകതയുണ്ടെന്നും ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുണ്ടെന്നും തുടക്കത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് മതിൽ നിർമ്മിക്കേണ്ടിടത്ത് ഉണക്ക കമ്പുകൾ കൊണ്ട് ജീവനക്കാർ വേലിയൊരുക്കിയിട്ടുള്ളത്. മിക്കപ്പോഴും ആനയുൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്ന പ്രദേശമാണ് കല്ലാറും വേങ്കൊല്ലയും. കല്ലാറിൽ കെട്ടിടം നിർമ്മിച്ചുവെങ്കിൽ വേങ്കൊല്ലയിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് രണ്ടു സ്ഥലങ്ങളിലും ഫോറസ്റ്റ് സ്‌റ്റേഷൻ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, 4 ഫോറസ്റ്റർമാർ,10 ഗാർഡുകൾ എന്നിവരടങ്ങുന്നതാണ് ഒരു ഫോറസ്റ്റ് സ്‌റ്റേഷൻ. ഫോറസ്റ്റ് സ്‌റ്റേഷനുകൾ വരുന്നതോടെ വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയുടെയും വേങ്കൊല്ലയുടെയും സുരക്ഷാ ക്രമീകരണങ്ങളിൽ അടിമുടി മാറ്റംവരുത്തുമെന്നും അധികൃതർ പ്രഖ്യാപിച്ചിരുന്നു. അതും പാഴായ അവസ്ഥയാണിപ്പോൾ. എത്രയും വേഗം മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനുകൾ പ്രവർത്തനമാരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.