v-muraleedharan-

കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളായ മലയാളികൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് വിദേശ കാര്യ സഹമന്ത്രിയായി ചുമതലയേറ്റെടുത്ത പാർലമെന്ററി കാര്യ സഹമന്ത്രികൂടിയായ വി.മുരളീധരൻ പറഞ്ഞു. റംസാൻ കാലത്ത് വിമാനയാത്രക്കൂലി കൂട്ടുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട് . ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ മുൻ കൈയെടുക്കുമെന്ന് വി.മുരളീധരൻ കേരള കൗമുദിയോട് പറഞ്ഞു. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ചുള്ള അവ്യക്തത തീർക്കാൻ നടപടികളെടുക്കും. കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്ര ഉടൻ കേരള കൗമുദിക്കനുവദിച്ച അഭിമുഖത്തിൽ നിന്ന്

, സർക്കാർ ജോലി രാജിവച്ച് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരാൻ പ്രേരിപ്പിച്ചതെന്താണ്

സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ചെറുപ്പത്തിലേ ആഗ്രഹമുണ്ടായിരുന്നു. അടിയന്തരാവസ്ഥയിൽ ജനാധിപത്യാവകാശങ്ങൾ ഇല്ലാതാക്കിയതിനെതിരായ അമർഷമാണ് എന്നെ എ.ബി.വി.പി.യിലേക്കാകർഷിച്ചത്. പിന്നീട് നടത്തിയ സംഘടനാ പ്രവർത്തനവും മുതിർന്ന കാര്യകർത്താക്കളുമായുള്ള ഇടപെടലുകളും എന്റെ ചിന്തയെയും പെരുമാറ്രത്തെയും സ്വാധീനിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ പി.എസ്. സി പരീക്ഷ എഴുതുകയും സർക്കാർ ജോലി കിട്ടുകയും ചെയ്തിരുന്നു. മുഴുവൻസമയ പൊതുപ്രവർത്തകനാകാൻ തീരുമാനിച്ചതോടെ ജോലി രാജിവയ്ക്കുകയായിരുന്നു.

കേരളം കാർഷിക, വ്യാവസായിക മേഖലയിൽ വളരെ പിന്നിലാണ്. ഇത് മാറ്രാൻ കേന്ദ്ര സർക്കാരിനെന്തെങ്കിലും കഴിയുമോ

മാറ്റത്തിന് ആവശ്യമായ നിലപാട് കേന്ദ്രം സ്വീകരിക്കും. വ്യവസായ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനും കാർഷിക മേഖല ജനങ്ങൾക്കാകർഷകമാക്കാനും പല നടപടികളും കേന്ദ്രമെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. ജനങ്ങളുടെ മനോഭാവത്തിലും മാറ്രം വരേണ്ടതുണ്ട്.

 കേരളം വിദേശ മലയാളികൾ അയയ്ക്കുന്ന പണം കൊണ്ടാണ് പിടിച്ച്നിൽക്കുന്നത്. ഈ നിക്ഷേപം കുറച്ചു കൂടി സൃഷ്ടിപരമായ മേഖലയിലേക്ക് മാറ്രുന്നതിനായി എന്തുചെയ്യാൻ പറ്രും.

ഇത് ഒരു യാഥാർത്ഥ്യമാണ്. വിദേശരാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്നവർ അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിറുത്തുന്നത്. അവർക്ക് നാട്ടിൽ സൃഷ്ടിപരമായ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.

 നേരത്തെ കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ ഉപദേശം തേടുമോ

തീർച്ചയായും. ഇപ്പോഴും തേടാറുണ്ട്. എല്ലാവരുടെയും അനുഭവങ്ങൾ നമ്മുടെ നാടിന് ഗുണപ്രദമാക്കണമെന്ന നിലപാടാണ് എനിക്ക്.

 ഏത് രീതിയിലാണ് സംസ്ഥാന സർക്കാരുമായി ഇടപെടാൻ പോകുന്നത്.

അത് ഓരോ വിഷയത്തിനും അനുസൃതമായിരിക്കും. പൊതുവായി സംസ്ഥാനവും കേന്ദ്രവും യോജിച്ചു പോകണമെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. ആശയപരവും നിലപാടുകളിലുള്ളതുമായ അഭിപ്രായ വ്യത്യാസം നിലനിറുത്തിക്കൊണ്ടു തന്നെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി യോജിച്ചുപോവുകയാണ് വേണ്ടത്.

 കേരളത്തിലെ മതന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കെതിരെ ഈ തിരഞ്ഞെടുപ്പിലെങ്കിലും ശക്തമായ നിലപാടെടുത്തു. ഇത് മറികടക്കാൻ എന്തുചെയ്യും.

അതിന് പല കാരണങ്ങളുണ്ട്. പലതും തെറ്രിദ്ധാരണകളാകാം. എല്ലാവിഭാഗത്തെയും വിശ്വാസത്തിലെടുക്കാനാണ് സർക്കാരിന്റെ ശ്രമം. മോദി സർക്കാരിന്റെ മുദ്രാവാക്യം തന്നെ സബ് കാ സാത്ത്, സബ് കാ വികാസ് എന്നതാണ്. ഇത് ഉൾക്കൊണ്ട് നടപടി സ്വീകരിക്കും.

.

 സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയോ അറിയുകയോ ചെയ്ത നേതാവെന്ന നിലയിൽ അതിനെക്കുറിച്ച് എന്തു പറയുന്നു.

അക്രമം പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. തങ്ങളുടെ ശൈലി തിരുത്താൻ സി.പി.എമ്മാണ് ശ്രമിക്കേണ്ടത്. നിലവിലുള്ള പ്രവർത്തന ശൈലി സി.പി.എം അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഗതി കേരളത്തിലെ സി.പി.എമ്മിനുമുണ്ടാകും. വടകര മണ്ഡലത്തിൽ എതിർസ്ഥാനാർത്ഥിയെ വധിക്കാൻ വരെ ശ്രമം നടന്നുവല്ലോ.

 കേരളത്തിന്റെ വികസനത്തിന് വേണ്ടിയെന്താണ് ചെയ്യാൻ പോകുന്നത്.

കേന്ദ്രമന്ത്രിയാണെങ്കിലും കേരളത്തിന്റെ വികസനത്തിനായി യത്നിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിക്കും. കേന്ദ്ര പദ്ധതികൾ കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കാനും പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ കേരളത്തിന്റെ താത്പര്യങ്ങൾ കൂടി പരിഗണിക്കുന്ന വിധത്തിൽ അത് തയ്യാറാക്കാനും ശ്രമം നടത്തും. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് ‌ഞങ്ങളുടെ കാഴ്ചപ്പാട്. സി.പി.എമ്മുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം നിലനിറുത്തിക്കൊണ്ടുതന്നെ സംസ്ഥാന സർക്കാരുമായി വികസന കാര്യങ്ങളിൽ സഹകരിക്കും. ‌

 മോദി തരംഗം കേരളത്തിൽ മാത്രമുണ്ടായില്ലല്ലോ

മറ്രുള്ള സ്ഥലങ്ങളിലുണ്ടായതിന് സമാനമായി മോദി തരംഗം കേരളത്തിൽ ഉണ്ടാകാത്തത് എന്തെന്ന് വിശദമായി പരിശോധിക്കും. രാജ്യത്തെമ്പാടും ഭരണ അനുകൂല തരംഗമാണ് ഉണ്ടായിരുന്നത്. മോദി ഭരണത്തിന്റെ നേട്ടങ്ങൾ കേരളത്തിലെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അക്കാര്യം പരിശോധിക്കും.

 ശബരിമല വിഷയം ഏറ്രെടുത്തിട്ടും ബി.ജെ.പിക്ക് ജയിക്കാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ടല്ലോ

ശബരിമല വിഷയം ഏറ്രെടുത്തതിനാൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ അതിൽ കൂടുതൽ പിന്തുണ കിട്ടേണ്ടിയിരുന്നു എന്നാണ് മനസിലാകുന്നത്. ശബരിമലയിൽ കേന്ദ്രസർക്കാർ വിശ്വാസികൾക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വിശ്വാസം സംരക്ഷിക്കാൻ ഉചിതമായ നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളും.