ramesh-chennithala-

തിരുവനന്തപുരം: മസാലബോണ്ട് അടിയന്തരപ്രമേയ ചർച്ചയിലും ചോദ്യോത്തരവേളയിലും ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് പലതും വസ്‌തുതാവിരുദ്ധവും തെറ്റുമായിരുന്നുവെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമ്മേളനം പുനഃ രാരംഭിക്കുന്ന ജൂൺ 10ന് പിശകുകൾ സഭയിൽ ഉന്നയിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടാണ് കത്ത്.


കിഫ്ബി ബോണ്ടുകളിൽ ഏതൊക്കെ കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് പുറത്തു വിടാനാവില്ലെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞെങ്കിലും കിഫ്ബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ സി.ഡി.പി.ക്യൂവാണ് ബോണ്ടുകൾ വാങ്ങിയതെന്ന് പരാമർശിക്കുന്നുണ്ട്.
29ന് ചോദ്യോത്തരവേളയിൽ ബോണ്ടുകൾക്ക് ലണ്ടൻ നിയമമല്ലേ ബാധകമാകുന്നതെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. എന്നാൽ, കിഫ്ബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇംഗ്ലീഷ് നിയമമാണ് ബോണ്ടുകൾക്ക് ബാധകമാവുക എന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ആഭ്യന്തരമാർക്കറ്റിൽ ഇറക്കിയ ബോണ്ടുകൾക്കെല്ലാം പലിശനിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്ന് ധനമന്ത്രി പറഞ്ഞതും വസ്തുതാവിരുദ്ധമാണ്. അമരാവതിയുടെ വികസനത്തിനായി ആന്ധ്രാ സർക്കാർ പുറത്തിറക്കിയ ബോണ്ട് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ 2009 ജനുവരിയിൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ ബോണ്ടിന്റെ പലിശ 8.6ശതമാനം മാത്രമാണ്. നവി മുംബയ് ഇറക്കിയ ബോണ്ടുകളുടെ പലിശയും കുറവാണ്.
എസ്.എൻ.സി ലാവ്‌ലിൻ കമ്പനി സ്ഥിതി ചെയ്യുന്ന ക്യൂബകിൽ സി.ഡി.പി.ക്യു നടത്തിയത് പ്ലേസ്‌മെന്റ് അല്ലെന്നും മറിച്ച് ബോണ്ട് വാങ്ങുന്നതിൽ നിന്നും റിട്ടെയിൽ ഇൻവെസ്റ്റേഴ്‌സിനെ തടയാൻ ഇറക്കിയ നോട്ട് മാത്രമാണെന്നും ധനമന്ത്രി സഭയിൽ പറഞ്ഞതും ശരിയല്ല.

ലണ്ടൻ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഓഫ് സർക്കുലറിൽ വ്യക്തമായി പറയുന്നത് കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ വ്യക്തികൾക്കും കമ്പനികൾക്കുമായി ഇറക്കിയ ഓഫർ പ്രൈവറ്റ് പ്ളേസ്‌മെന്റ് തന്നെയാണെന്നാണ്. റീട്ടെയിൽ ഇൻവെസ്റ്റേഴ്‌സിനെ ഈ ബോണ്ട് വാങ്ങുന്നതിൽ നിന്ന് തടയുന്നതായി സർക്കുലറിൽ രേഖപ്പെടുത്തിയിട്ടില്ല.
കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ 2018ൽ ലിസ്റ്റ് ചെയ്തിരുന്നുവെന്നാണ് ധനമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ രേഖകളിൽ 2019 ഏപ്രിൽ ഒന്നിന് ലിസ്റ്റ് ചെയ്തുവെന്നാണ്- ചെന്നിത്തല ചൂണ്ടിക്കാട്ടി.