ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്റെ പൂർണ ചുമതല വഹിക്കുന്ന ആദ്യ വനിതയാണ്. 1970-71 കാലഘട്ടത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനകാര്യ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്നു. പ്രതിരോധ വകുപ്പിന്റെ പൂർണ ചുമതല വഹിച്ചിരുന്ന ആദ്യ വനിത എന്ന സ്ഥാനവും നിർമ്മലയ്‌ക്ക് സ്വന്തം.
തമിഴ്നാട്ടിലെ മധുരയിൽ യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിലാണ് ജനനം. ജെ.എൻ.യു കാമ്പസിലെ പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ ബന്ധത്തിന് തുടക്കം. ഫ്രീ തിങ്കേഴ്സ് സൊസൈറ്റി എന്ന കൂട്ടായ്‌മയിൽ പ്രവർത്തിച്ചു കൊണ്ട് അക്കാലത്ത് അതിശക്തമായിരുന്ന എസ്.എഫ്.ഐയെ പരാജയപ്പെടുത്തി.
അക്കാഡമിക് രംഗത്ത് പ്രവർത്തിക്കുന്ന പ്രഭാകർ പരകാലയെ വിവാഹം കഴിച്ചതോടെ ഇവർ കുറച്ചുകാലം ലണ്ടനിലേക്ക് പോയി. അവിടെ പ്രൈസ് വാർട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന ആഡിറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. തുടക്കത്തിൽ അലങ്കാര സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ സെയിൽസ് ഗേളായും ജോലിനോക്കി. ബി.ബി.സിയിലും കുറച്ചുനാൾ ജോലി ചെയ്തു.
1991 ലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. സുഷമ സ്വരാജുമായുള്ള അടുപ്പത്തിലൂടെയാണ് 2003-05 കാലയളവിൽ ദേശീയ വനിതാ കമ്മിഷനിൽ അംഗമാകുന്നത്. 2006 -ൽ ബി.ജെ.പിയിൽ ചേർന്നു. പിന്നീട് പാർട്ടി വക്താവായി. നിർമ്മലവും നിരുപമവുമായ പെരുമാറ്റമാണ് എവിടെയും നിർമ്മല സീതാരാമനെ വ്യത്യസ്തയാക്കുന്നത്.
2014-ൽ മോദി മന്ത്രിസഭയിൽ തുടക്കത്തിൽ വാണിജ്യകാര്യ സഹമന്ത്രി ആയിരുന്നു. ഒടുവിൽ പ്രതിരോധ വകുപ്പിന്റെ പൂർണ ചുമതലയുള്ള മന്ത്രിയായി.
രാജ്യസഭാംഗമായി തുടരുന്ന നിർമ്മല സീതാരാമൻ ഇതുവരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഹൈദരാബാദിലാണ് കുടുംബം. ഒരു മകളും രണ്ട് ആൺമക്കളുമുണ്ട്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന നിരക്ക് (ജി.ഡി.പി) ഇൗവർഷം അവസാനത്തോടെ 7 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ധനകാര്യ മന്ത്രിയുടെ മുന്നിലുള്ള മുഖ്യവെല്ലുവിളി. സ്വകാര്യ നിക്ഷേപം വർദ്ധിപ്പിച്ച് തൊഴില്ലായ്മാനിരക്ക് കുറയ്ക്കുക, കയറ്റുമതിയിൽ വന്ന തളർച്ച മാറ്റുക, ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ മുന്നിലുണ്ട്.