ആറ്റിങ്ങൽ: സ്കൂളുകളുടെ പുനരുജ്ജീവനത്തിന് ആറ്റിങ്ങൽ നഗരസഭ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു.
ജനകീയ കൂട്ടായ്മ വിളിച്ചു കൂട്ടിയാണ് പദ്ധതികൾക്ക് രൂപം നൽകിയത്. കുട്ടികളുടെ കൊഴിഞ്ഞു പോക്കലിനെ തുടർന്ന് 4 വർഷം മുൻപ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട പരവൂർകോണം ഗവ. എൽ.പി.എസിൽ ഇപ്പോൾ നൂറിലേറെ കുട്ടികൾ ആയി. ഈ സ്കൂളിലെ തുടർന്നുള്ള സംരക്ഷണത്തിലാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. ഈ വർഷം മുതൽ നഴ്സറി സ്കൂൾ ആരംഭിക്കാൻ തീരുമാനമായി.
നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹിമ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി, വികസന സമിതി ചെയർമാൻ ഡോ. എസ്. ഭാസിരാജ്, കൗൺസിലർമാരായ സി.ആർ. ഗായത്രീദേവി, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അജിത സ്വാഗതവും, ബിന്ദു നന്ദിയും പറഞ്ഞു. ആറ്റിങ്ങൽ എൽ.എം.എസ് എൽ.പി.എസിലും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കുട്ടികൾക്ക് പാർക്ക് നിർമ്മിച്ച് നൽകുമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത അമർ ഹോസ്പിറ്റൽ എം.ഡി ഡോ. പി. രാധാകൃഷ്ണൻ നായർ ഉറപ്പ് നൽകി. രാഷ്ട്രപിതാ റസിഡന്റ് അസോസിയേഷൻ വയറിംഗ് ജോലികൾ ഏറ്റെടുത്തു. സ്കൂളിലെ പെയിന്റിംഗ്, ഫർണിച്ചർ എന്നിവക്കും സ്പോൺസർമാർ മുന്നോട്ട് വന്നു. നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആറ്റിങ്ങൽ ഗോപൻ അദ്ധ്യക്ഷനായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ജമീല, കൗൺസിലർ കെ.എസ്. സന്തോഷ് കുമാർ, ഡോ. പി. രാധാകൃഷ്ണൻ നായർ, കെ.പി.ആർ.എ പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി വേണുകുമാർ തുടങ്ങിയവർ സംസാരിച്ചു. ടൗൺ എൽ.പി.എസ്, മേലാറ്റിങ്ങൽ ഗവ. എൽ.പി.എസ്, ആലംകോട് ഗവ. എൽ.പി.എസ് എന്നീ സ്കൂളുകളിലും കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു.