jaya

തിരുവനന്തപുരം: മുൻ വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കർ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ കേരളത്തിലിരുന്ന് മുൻ വിദേശകാര്യ ഉദ്യോഗസ്ഥൻ ടി.പി. ശ്രീനിവാസൻ ആശംസകൾ നേർന്നു.

ഒരുതരത്തിൽ ടി. പി.ശ്രീനിവാസന്റെ ശിഷ്യനാണ് ജയശങ്കർ. 1967 ഐ. എഫ്. എസ്. ബാച്ചുകാരനാണ് ടി.പി.ശ്രീനിവാസൻ. ജയശങ്കർ 1977ലേയും. വിദേശമന്ത്രാലയത്തിൽ ടി.പി. ശ്രീനിവാസൻ ഡെപ്യൂട്ടി സെക്രട്ടറിയായി ഭരിക്കുമ്പോഴാണ് ട്രെയിനിബാച്ചായി ജയശങ്കർ എത്തുന്നത്. ജയശങ്കറിനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു. തന്നെ പഠിപ്പിച്ച സീനിയർ ഉദ്യോഗസ്ഥൻ സുബ്രഹ്മണ്യത്തിന്റെ മകനാണ് ജയശങ്കർ. അന്നേ ശുഷ്‌കാന്തിയുള്ള പ്രകൃതമായിരുന്നു ജയശങ്കറിന്. വിദേശകാര്യവകുപ്പിലെ തന്ത്രങ്ങൾ പയറ്റാൻ മിടുക്കനായിരുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ നോക്കാതെ രാജ്യതാൽപര്യം മുൻ നിറുത്തിയായിരുന്നു ജയശങ്കറിന്റെ പ്രവർത്തനം. ചെെനയിൽ അംബാസഡറായിരിക്കുമ്പോൾ അവിടെയെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് സഹായങ്ങൾ ചെയ്യാനും യു. പി. എ. സർക്കാരിന്റെ കാലത്ത് അമേരിക്കയുമായുള്ള ആണവ കരാറുണ്ടാക്കാനും ജയശങ്കറിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി മോദിക്കും പ്രധാനമന്ത്രി മൻമോഹൻസിംഗിനും തൃപ്തികരമായ വിധത്തിൽ പ്രവർത്തിക്കാൻ ജയശങ്കറിനായി.

ചെെനയിലും അമേരിക്കയിലും പ്രതിനിധിയായിരിക്കുമ്പോൾ അവിടുത്തെ പ്രശ്നങ്ങൾ പഠിക്കാനും സ്ട്രാറ്റജിക് അനലിസ്റ്റ് എന്ന രീതിയിലേക്ക് വളരാനും ജയശങ്കറിനായി.മോദി സർക്കാരിന് തലവേദന സൃഷ്ടിച്ച ചെെനയുമായുള്ള ദോക്‌ലാം പ്രശ്നം രമ്യമായ പരിഹാരത്തിലേക്ക് എത്തിച്ചതും യുദ്ധസാഹചര്യം ഒഴിവാക്കിയതും ജയശങ്കറിന്റെ നേട്ടമാണ്.

വിദേശനയ രൂപവത്കരണത്തിലും അതു നടപ്പാക്കുന്നതിലും മോദി ഏറ്റവുമധികം ആശ്രയിച്ച ഉദ്യോഗസ്ഥനാണ് ജയശങ്കർ. തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ മോദിയുടെ വലംകൈ ആയിരുന്നു.മോദി അധികാരമേല്‌ക്കുമ്പോൾ അമേരിക്കയിൽ അംബാസഡർ ആയിരുന്നു ജയ്ശങ്കര്‍.

ഒരു വിദേശകാര്യസെക്രട്ടറി വിദേശമന്ത്രിയാകുന്നത് ആദ്യമായാണ്. ഉദ്യോഗസ്ഥരായ മണിശങ്കർ അയ്യർ, മൻമോഹൻസിംഗ് തുടങ്ങിയവർ മന്ത്രിമാരായിട്ടുണ്ടെങ്കിലും രാഷ്ട്രീയമില്ലാത്ത ഒരു ഉദ്യോഗസ്ഥൻ അമേരിക്കൻ ശൈലിയിൽ ഇന്ത്യയിൽ മന്ത്രിയാകുന്നത് ആദ്യം. നയരൂപീകരണവും നടപ്പാക്കലും അദ്ദേഹം നേരിട്ട് ചെയ്യും. ജയശങ്കറെ മോദി വിദേശകാര്യ സെക്രട്ടറിയാക്കിയതും സുജാതസിംഗിനെ മാറ്റിയും മറ്റ് പല സീനിയർ ഉദ്യോഗസ്ഥരെയും മറികടന്നുമായിരുന്നു.

മദ്ധ്യആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യൻ തുറമുഖങ്ങളിലും വാണിജ്യമേഖലയിലും സാന്നിദ്ധ്യമുറപ്പിക്കുന്ന ചെെനീസ് അധിനിവേശത്തെ ചെറുക്കലാണ് വിദേശമന്ത്രിയെന്ന നിലയിൽ ജയശങ്കറിന്റെ വെല്ലുവിളി. ആണവനിരായുധീകരണത്തിലും യു. എൻ. രക്ഷാസമിതി തുടങ്ങിയ വേദികളിലും രാജ്യതാൽപര്യം സംരക്ഷിക്കുക വലിയ ദൗത്യമാണ്. പ്രമുഖ ഇന്ത്യൻ സ്ട്രാറ്റജിക് അനലിസ്റ്റും മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനുമായിരുന്ന തമിഴ്നാട് സ്വദേശി സുബ്രഹ്മണ്യത്തിന്റെയും സുലോചനയുടെയും മകനാണ്. ജപ്പാൻ സ്വദേശി ക്യോക്കോ ജയശങ്കറാണ് പത്നി. മൂന്ന് മക്കൾ.