തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായിരുന്നെന്നും വിഭാഗീയത പ്രതിഫലിച്ചിട്ടില്ലെന്നും സി.പി.എം സംസ്ഥാനകമ്മിറ്റി യോഗത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തോടുള്ള അതൃപ്തിയല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയരാഷ്ട്രീയത്തിലെ പൊതുസ്ഥിതിയാണ് പ്രതിഫലിപ്പിക്കാറ്. മോദി സർക്കാർ വീണ്ടും വരുമെന്ന ഭയം, ബി.ജെ.പിക്ക് കോൺഗ്രസാണ് ബദലെന്ന ചിന്ത, രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്നിവയെല്ലാമാണ് വലിയ സ്വാധീന ഘടകങ്ങളായത്.
പാലക്കാട്ടെ അട്ടിമറി തോൽവിക്ക് വിഭാഗീയത കാരണമായിട്ടുണ്ടെന്ന ആക്ഷേപങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്നതിനിടെയാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. അതേസമയം, പാലക്കാട്ടേതടക്കമുള്ള തോൽവികളിൽ സംസ്ഥാന സമിതിയിലുയരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനുൾപ്പെടെ തീരുമാനമായേക്കും.
മഹാപ്രളയം നേരിടുന്നതിൽ സർക്കാർ ലോകത്തിന് മാതൃകയായി. വികസന പ്രവർത്തനത്തിലും ക്ഷേമകാര്യങ്ങളിലും ക്രമസമാധാന പാലനത്തിലും മുന്നിലാണ്. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ കൂടുതലായെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രിതമായി നടത്താനുള്ള സംഘടനാ പ്രവർത്തനമുണ്ടാവണം. വ്യത്യസ്ത കാരണങ്ങളാൽ എൽ.ഡി.എഫിന് വോട്ട് ചെയ്യാതിരുന്നവരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനം വേണമെന്നും പറയുന്നു.
ശബരിമലയെ ശത്രു ചേരി
ഉപയോഗപ്പെടുത്തി: കോടിയേരി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ചായ്‌വെന്ന പൊതുസ്വഭാവത്തിനൊപ്പം മോദിപ്പേടി കൂടി വന്നത് യു.ഡി.എഫിനെ ഗണ്യമായി സഹായിച്ചെന്ന് സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ജനവിധി നിർണയിച്ചതിൽ പ്രധാനകാരണം ശബരിമലയല്ലെങ്കിലും ശബരിമലയെ എൽ.ഡി.എഫിനെ ഒറ്റപ്പെടുത്താനായി ശത്രുചേരി ഉപയോഗപ്പെടുത്തി. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം വരുമെന്ന പ്രതീക്ഷ സൃഷ്ടിക്കുന്നതിന് യു.ഡി.എഫിന്റെയും വലതുപക്ഷമാദ്ധ്യമങ്ങളുടെയും പ്രചാരണങ്ങളും ചില സാമുദായിക സംഘടനകളുടെ ഇടപെടലും സഹായിച്ചു. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ ഹിന്ദു വർഗ്ഗീയശക്തികളും ന്യൂനപക്ഷ ലേബലുള്ള തീവ്രസംഘടനകളും പ്രവർത്തിച്ചു. മോദിപ്പേടി കാരണം, രാഹുൽ വരട്ടെയെന്ന ബോധം സുനാമികണക്ക് അലയടിച്ചുയർന്നു.