തിരുവനന്തപുരം : എലിവേറ്റഡ് ഹൈവേ നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം ബൈപാസ് റോഡ് ഈമാസം 6 മുതൽ അടയ്ക്കും.
3 മുതൽ 5വരെ ട്രയൽ നടത്തും. റോഡ് അടയ്ക്കുന്നതിന്റെ ഭാഗമായി ശ്രീകാര്യം ജംഗ്ഷനിലെ മൂന്നു ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാനും നഗരത്തിലേക്ക് വരുന്ന കണ്ടെയ്‌നർ, ട്രെയിലർ ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ റോഡ് അടച്ചിടുന്നതു നീണ്ടിക്കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴക്കൂട്ടം ബൈപാസ് ജംഗ്ഷൻ മുതൽ മുക്കോലയ്ക്കൽ ആറ്റിൻകുഴി ജംഗ്ഷൻ വരെയുള്ള എലിവേറ്റഡ് ഹൈവേ നിർമാണം പൂർത്തിയാകും വരെ 6 മാസത്തേക്കാണ് അടച്ചിടുന്നത്. ഗതാഗതം നിയന്ത്രിക്കാൻ 2 ഷിഫ്‌റ്റുകളിലായി 60 പൊലീസുകാരെയും 20 ട്രാഫിക് വാർഡൻമാരെയും നിയോഗിക്കും. പ്രവർത്തനം ക്രോഡീകരിക്കാനും യാത്രക്കാരെ സഹായിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. വെട്ടുറോഡ്, വെഞ്ഞാറമൂട് തൈക്കാട്, എംസി റോഡ്, കാട്ടായിക്കോണം എന്നിവിടങ്ങളിൽ ഇൻഫർമേഷൻ ബോർഡും കാര്യവട്ടം -ചാവടിമുക്ക്-മെഡിക്കൽ കോളേജ് റോഡിൽ ആംബുലൻസ് റൂട്ടും പ്രദർശിപ്പിക്കും.
ശ്രീകാര്യത്തെ ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം ഇങ്ങനെ
1)തിരുവനന്തപുരത്തേക്കുപോകുന്ന ബസുകൾ നിലവിലുള്ള സ്റ്റോപ്പിൽ നിന്നും 50 മീറ്റർ
മുന്നിലേക്ക് മാറി ഡി.എൻ.എം ഫർണിഷിംഗിന്റെ എതിർവശത്തു നിറുത്തണം
2)കഴക്കൂട്ടം - കൊല്ലം ഭാഗത്തേക്കുള്ള ബസുകൾ നിലവിലെ സ്റ്റോപ്പിൽ നിന്നു 50 മീറ്റർ മാറി മോട്ടോർ പ്ലാസയുടെ മുന്നിൽ നിറുത്തണം
3) പോത്തൻകോട് റൂട്ടിൽ നിന്നുള്ള വാഹനങ്ങൾ ശ്രീകാര്യം മാർക്കറ്റിനു മുൻവശത്തെ മാർജിൻഫ്രീ മാർക്കറ്റു ഭാഗത്തു നിറുത്തണം. മാർക്കറ്റിനു മുന്നിൽ പാർക്ക് ചെയ്യുന്ന ടെമ്പോ വാഹനങ്ങൾ പാർക്കിംഗിനു മറ്റു സ്ഥലങ്ങൾ കണ്ടെത്തണം.
കഴക്കൂട്ടത്ത് നടപ്പാക്കുന്ന പുതിയ ഗതാഗത ക്രമീകരണം :
1. കൊല്ലം-തിരുവനന്തപുരം റൂട്ടിലേക്കുള്ള വാഹനങ്ങൾ കഴക്കൂട്ടം ബൈപാസ് ജംഗ്ഷനിൽ നിന്നു ഇടത്തോട്ട്
തിരിഞ്ഞ് സർവീസ്‌റോഡു വഴി മുക്കോലയ്ക്കൽ ആറ്റിൻകുഴി ജംഗ്ഷൻ വഴി വീണ്ടും ബൈപാസിലേക്ക്
2. ചാക്ക-കൊല്ലം റൂട്ട് : വലിയ വാഹനങ്ങൾ മുക്കോലയ്ക്കൽ ജംഗ്ഷനിൽ നിന്നു ഇടത്തോട്ടു തിരിഞ്ഞ് ആറ്റിൻകുഴി -
പള്ളിനട റോഡിലേക്കും ചെറിയ വാഹനങ്ങൾ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്നു സർവീസ് റോഡും തിരഞ്ഞെടുക്കണം.
3.ചാക്കയിൽ നിന്നു ടെക്‌നോപാർക്കിലേക്കു പോകുന്ന വാഹനങ്ങൾ മുക്കോലയ്ക്കൽ-ആറ്റിൻകുഴി-പള്ളിനട വഴി കഴക്കൂട്ടം മാർക്കറ്റ് ജംഗ്ഷനിലെത്തി എ.ജെ ആശുപത്രിക്കു എതിർവശത്തു യൂടേൺ എടുത്ത് മറുവശത്തുള്ള സർവീസ് റോഡ് ഉപയോഗിക്കുക. ഭാരംകൂടിയ വാഹനങ്ങൾ അമ്പലത്തിൻകര -തൃപ്പാദപുരം റോഡിലൂടെ പിൻവശത്തെ കവാടം വഴി പ്രവേശിക്കണം.
4.ടെക്‌നോപാർക്കിനു അകത്തേക്കും പുറത്തേക്കുമുള്ള വാഹനങ്ങൾ പ്രധാന കവാടം, ടി.സി.എസ് കവാടം,
ഫേസ് 3 ഗേറ്റ് എന്നിവ തിരഞ്ഞെടുക്കാം
5.കൊല്ലത്തു നിന്നു മെഡിക്കൽ കോളേജിലേക്കുള്ള വാഹനങ്ങൾ കഴക്കൂട്ടം ബൈപാസ് ജംഗ്ഷനിൽ നിന്നു
കാര്യവട്ടം - ശ്രീകാര്യം- ഉള്ളൂർ വഴിയോ അല്ലെങ്കിൽ ചാവടിമുക്ക്-ആക്കുളം-കോട്ടമുക്ക് റൂട്ടും ഉപയോഗിക്കാം
6.കൊല്ലത്തു നിന്നു എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ വെട്ടുറോഡ്- ചിറ്റാറ്റുമുക്ക്-സെന്റ് ആൻഡ്രൂസ്- തുമ്പ-
പള്ളിത്തുറ-സ്റ്റേഷൻകടവ്-പൗണ്ട്കടവ്-വേളി-ശംഖുംമുഖം വഴി എയർപോർട്ടിലേക്ക് പോകണം.
തിരക്കേറിയ സമയത്തെ ഗതാഗത ക്രമീകരണം
(രാവിലെ 8 മുതൽ 10വരെയും, വൈകിട്ട് 4 മുതൽ 7 വരെയും) :
1. കൊല്ലം റൂട്ടിലെ വാഹനങ്ങൾ കഴക്കൂട്ടത്തേക്കു പ്രവേശിക്കാതെ വെട്ടുറോഡ് ജംഗ്ഷനിൽ നിന്ന്
ചന്തവിള - കാട്ടായിക്കോണം-ചെമ്പഴന്തി വഴി ശ്രീകാര്യത്തേക്കു കടക്കണം
2.എം.സി റോഡിൽ നിന്നുള്ള വാഹനങ്ങൾ പോത്തൻകോട്, കഴക്കൂട്ടം റോഡ് ഒഴിവാക്കി
കാട്ടായിക്കോണം -ചെമ്പഴന്തി വഴി ശ്രീകാര്യത്തേക്ക് പോകണം
3. ഈ സമയങ്ങളിൽ കണ്ടെയ്‌നർ, ട്രെയിലർ ലോറികൾക്ക് നിയന്ത്രണമുണ്ട്