chenkal-temple

പാറശാല: വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് അവരെ പഠിപ്പിക്കാൻ രക്ഷാകർത്താക്കൾ തയ്യാറാകണമെന്നും അച്ഛനമ്മമാരുടെ താത്പര്യങ്ങൾ വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടന്ന പ്രതിഭാ സംഗമവും പഠനോത്സവ വിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി , മത സംഘടനകൾ സ്വസമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളെ അനുമോദിക്കുമ്പോൾ ജാതിമത വർഗ ഭേദമില്ലാതെ സമർത്ഥരായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചെങ്കൽ മഹേശ്വരം മഠത്തിന്റെ ഉദ്യമം വേറിട്ട അനുഭവമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി,​ സി.കെ.ഹരീന്ദ്രൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലർ ഗ്രാമം പ്രവീൺ, ക്ഷേത്രം മേൽശാന്തി കുമാർ മഹേശ്വരം,​ പ്രോഗ്രാം കമ്മിറ്റി കോ - ഓർഡിനേറ്റർ വി.കെ. ഹരികുമാർ,​ കൺവീനർ കെ.പി.മോഹനൻ നന്ദിയും തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പാറശാല, നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലകളിലെ വിവിധ സ്‌കൂളുകളിലെ 3000 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നെയ്യാറ്റിൻകരയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 600 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ക്ഷേത്രം മഠം ഒരുക്കിയ വിരുന്ന് സൽക്കാരവും നടന്നു.