തിരുവനന്തപുരം: നാലാഞ്ചിറ ബഥനി നവജീവൻ ഫിസിയോതെറാപ്പി കോളേജ് ഹോസ്റ്റലിൽ നിന്ന് ആഹാരം കഴിച്ച 40 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.

ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും ഭൂരിഭാഗം കുട്ടികളെയും ചികിത്സയ്ക്ക് ശേഷം മടക്കി അയച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി. പരിശോധനയെ തുടർന്ന് ഹോസ്റ്റലിലെ കാന്റീൻ താത്കാലികമായി പൂട്ടിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ കാന്റീനിൽ തയ്യാറാക്കിയ ഭക്ഷണത്തിലാണ് വിഷബാധയുണ്ടായത്. വ്യാഴാഴ്ച രാത്രി ചിക്കൻ ബിരിയാണിയാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. വെള്ളിയാഴ്ച രാവിലെയോടെ വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ ബാധിച്ച വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആഹാരം കഴിച്ചവരിൽ ഒരു വിഭാഗം കുട്ടികൾക്കാണ് വയറുവേദന ഉണ്ടായത്. ഇതേക്കുറിച്ച് ഹോസ്റ്റൽ അധികൃതരോട് സൂചിപ്പിച്ചപ്പോൾ കാന്റീനിലെ ആഹാരത്തിന്റെ കുഴപ്പമല്ലെന്നു പറഞ്ഞ് നിഷേധിച്ചെന്നാണ് ആക്ഷേപം. എന്നാൽ മറ്റൊരിടത്തു നിന്നും തങ്ങൾ ആഹാരം കഴിച്ചിട്ടില്ലെന്നും ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നും വിദ്യാർത്ഥിനികൾ ആവർത്തിച്ചു. രോഗലക്ഷണം കണ്ട ഉടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചതായി കോളേജ് അധികൃതർ പറഞ്ഞു. ഹോസ്റ്റലിലെ വിദ്യാർത്ഥിനികളിൽ ഏറെയും വീടുകളിലേക്ക് മടങ്ങി. ശേഷിച്ച 20 പേർക്ക് സമീപത്തെ മറ്റൊരു ഹോസ്റ്റലിൽ നിന്നും ഭക്ഷണം നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃത‌ർ അറിയിച്ചു.

 കാന്റീൻ വൃത്തിഹീനം

ഹോസ്റ്റലിലെ കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർമാരായ ഡോ.എ. രേഖ, എൻ. അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് നോട്ടീസ് നൽകുകയും കാന്റീനിന്റെ പ്രവർത്തനം നിറുത്താൻ ആവശ്യപ്പെടുകയുമായിരുന്നു.

" ആശുപത്രിയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കാന്റീൻ പ്രവർത്തിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നഗരസഭാ ആരോഗ്യവിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്."

-വി.കെ.പ്രശാന്ത്, മേയർ