amritha

തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വിജ്ഞാനം പങ്കുവയ്ക്കൽ, സാങ്കേതികവിദ്യകളുടെ കൈമാറ്റം, ഇ-ലേണിംഗ് പരിശീലനം, നൈപുണ്യവികസനം, ഗ്രാമീണ സാങ്കേതികവിദ്യകൾ, ശുചീകരണം, ഊർജ്ജ സംരക്ഷണം, സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുള്ള അമൃതപുരി കാമ്പസിലെ പദ്ധതികൾ തുടങ്ങിയ രംഗങ്ങളിലാണ് സഹകരണം. മാതാ അമൃതാനന്ദമയി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാമീണമേഖലയിലെ സാന്നിദ്ധ്യവും അമൃത സർവകലാശാലയുടെ ഗവേഷണവും ഗ്രാമീണ സാങ്കേതികവിദ്യകളും ചേരുമ്പോൾ ഗ്രാമീണമേഖലയിൽ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് ഡയറക്ടർ ജനറൽ ഡോ. ഡബ്ള്യൂ.ആർ. റെഡ്ഡി പറഞ്ഞു. അമൃതയുടെ സവിശേഷമായ ലിവ്-ഇൻ ലാബ്സ് പദ്ധതിയനുസരിച്ച് വിദ്യാർത്ഥികൾ ഗ്രാമീണ മേഖലയിൽ നേരിട്ടെത്തി വെല്ലുവിളികൾ മനസിലാക്കുകയും ഗവേഷണത്തെ അടിസ്ഥാനമാക്കി അതിനു പരിഹാരം കണ്ടെത്തുകയും വേണമെന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസിലർ ഡോ. വെങ്കട്ട് രംഗൻ പറഞ്ഞു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോണോമസ് സ്ഥാപനമാണ് ദേശീയ ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് പഞ്ചായത്തിരാജ്.