തിരുവനന്തപുരം:കേന്ദ്ര വിദേശകാര്യവകുപ്പിൽ പ്രവാസിക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രിയായി മലയാളിയായ വി. മുരളീധരൻ വന്നതോടെ കേരളത്തിന് പ്രതീക്ഷ വർദ്ധിച്ചു.
യു.പി. എ. സർക്കാരിൽ ഇ. അഹമ്മദും ഒരിടവേളയിൽ ഡോ.ശശി തരൂരുമായിരുന്നു വിദേശകാര്യ സഹമന്ത്രിമാർ. അതിന് മുമ്പ് എട്ടുവർഷം പ്രവാസിക്ഷേമ വകുപ്പിൽ ക്യാബിനറ്റ് റാങ്കിൽ കരുത്തനായ വയലാർ രവി മന്ത്രിയായിരുന്നു.നോർക്കയും പ്രവാസി ദിവസ് ആഘോഷങ്ങളും പൊടിപൊടിച്ച ആ കാലത്ത് മറുനാടൻ മലയാളികൾക്ക് പ്രതീക്ഷയേറെയായിരുന്നു. മറുനാടൻ പൗരൻമാർക്ക് വോട്ടവകാശം നൽകുന്നത് പോലും സജീവചർച്ചയായി.
കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ എത്തിയതോടെ മലയാളി സ്വാധീനം പ്രവാസി ക്ഷേമത്തിൽ ഇല്ലാതായി.പ്രവാസി ക്ഷേമവകുപ്പ് വിദേശകാര്യത്തിൽ ലയിപ്പിച്ചു. സുഷമ സ്വരാജായിരുന്നു കാബിനറ്റ് മന്ത്രി. സഹമന്ത്രിമാരായി എൻ.കെ. സിംഗും എം.ജെ. അക്ബറുമായിരുന്നു. എന്നാൽ മറുനാടൻ മലയാളിക്കും കേരളസർക്കാരിനും ഒരു ബന്ധവുമുണ്ടായിരുന്നില്ല. ആ അവസ്ഥയിൽ നിന്നൊരു മാറ്റമാണ് വി. മുരളീധരൻ മന്ത്രിയാകുന്നതോടെ മലയാളിക്ക് കൈവരുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളിൽ അകപ്പെടുന്ന മലയാളി നഴ്സുമാരും ഗൾഫ് നാടുകൾ പണിയെടുക്കുന്ന മലബാറിലെ മലയാളികൾക്കും ഇന്ത്യ ഗവൺമെന്റിന്റെ പിന്തുണയും കരുതലും അനിവാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മലയാളികളുടെ കാര്യത്തിനായി പലപ്പോഴും ഗൾഫിലേക്ക് പറക്കേണ്ടിവന്നു. കേന്ദ്രത്തിലേക്ക് പലതവണ കത്തുകളെഴുതി. അതിനെല്ലാം മാറ്റം വരുത്താൻ മുരളധീരന് കഴിയുമെന്ന പ്രതീക്ഷയാണ് കേരളത്തിന്.
ഗൾഫിൽ നിതാഖത് പോലുള്ള പുതിയ നിയമങ്ങൾ വരികയും ജോലിസുരക്ഷ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമായിട്ടുണ്ട്. വിദേശങ്ങളിൽ കുടുങ്ങുന്ന മലയാളികളെ നാട്ടിൽ എത്തിക്കാനും അവിടെ അപകടത്തിൽ പെടുന്നവർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കാനും സർക്കാരിന്റെ ഇടപെടൽ വേണ്ടിവരും. ഭാഷയുടെ പ്രശ്നങ്ങളില്ലാതെ നേരിട്ട് സമീപിക്കാൻ വി. മുരളീധരൻ വിദേശ മന്ത്രാലയത്തിൽ എത്തിയത് ആശ്വാസമാകും. സംസ്ഥാന സർക്കാരിനും മുരളീധരനുമായി രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് മികച്ച ബന്ധം നിലനിറുത്തേണ്ടതുണ്ട്.
ഗൾഫ് മലയാളികളുടെ യാത്രാപ്രശ്നം ഗൗരവമായി കാണുമെന്ന് വി. മുരളീധരൻ ഇന്നലെ പറഞ്ഞത് ശുഭസൂചകമായാണ് കേരളം കാണുന്നത്. റംസാൻ പോലുള്ള ഉത്സവ സീസണുകളിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലുമുതൽ ആറിരട്ടിവരെയാണ് കൂട്ടുന്നത്. ഇത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടലുകൾ ഫലം കാണുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഇടപെടാൻ വി. മുരളീധരനാകുമെന്നാണ് പ്രതീക്ഷ.