തിരുവനന്തപുരം: സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി പാളയം ജുമാമസ്ജിദ് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. രുചി സ്വയം ത്യജിച്ച് മ​റ്റുള്ളവർക്ക് രുചി പകരുക എന്നതാണ് ഇഫ്താർ സംഗമങ്ങൾ മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്നും ഊഷ്മളമായ അയൽപക്ക ബന്ധങ്ങൾ പുലർത്തുകയാണ് ഇത്തരം കൂട്ടായ്‌മകളുടെ ലക്ഷ്യമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു. ജീവിതത്തിൽ ധന്യതയുടെയും പരിശുദ്ധിയുടെയും ആവശ്യകത ഊട്ടിയുറപ്പിക്കുകയാണ് വ്രതാനുഷ്ഠാനമെന്നും നമ്മുടെ മണ്ണ് പരിശുദ്ധമായി സൂക്ഷിക്കാനും മതേതരത്വം സംരക്ഷിക്കാനും ഇത്തരം കൂട്ടായ്മകൾക്കാകുമെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ എം.എൽ.എ, ചെറിയാൻ ഫിലിപ്, കെ.പി. ശങ്കരദാസ്, എം.എം. ഹസൻ, ഡി.ജി.പി ലോക്നാഥ് ബെഹറ, ഐ.ജി പി. വിജയൻ, പെരുമ്പടവം ശ്രീധരൻ, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്റാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി അശ്വതി തിരുനാൾ, ഡോ. എം.ഐ. സഹദുള്ള, ഇ.എം. നജീബ്, പാളയം രാജൻ, പാളയം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.ആർ. ഖാൻ, ജനറൽ സെക്രട്ടറി എം. സലീം തുടങ്ങിയവർ പങ്കെടുത്തു.