തിരുവനന്തപുരം: ശബരിമലയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ നിർണയിച്ച പ്രധാനഘടകമെന്ന പ്രചാരണത്തെ തള്ളി സി.പി.എം സംസ്ഥാനസമിതിയിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട്. എന്നാൽ, ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ യാഥാർത്ഥ്യം വോട്ടർമാരെ ബോദ്ധ്യപ്പെടുത്തുന്നതിൽ വീഴ്ച വന്നെന്ന് യോഗത്തിൽ വിമർശനമുയർന്നു. വിഷയത്തിന്റെ യഥാർത്ഥവശങ്ങളും സർക്കാർ നിലപാടും വിശദീകരിക്കുന്നതിന് പകരം പ്രചാരണരംഗത്ത് ഇത് ചർച്ചയാക്കേണ്ടെന്ന നിലപാട് തുടക്കത്തിലെടുത്തത് ശത്രുചേരിയുടെ പ്രചാരണം ശരിയോയെന്ന സംശയം ജനങ്ങളിലുണർത്തി. വിഷയത്തിൽ ശരിയായ നിലപാടാണ് ഇടതുസർക്കാർ കൈക്കൊണ്ടതെങ്കിലും വിധി നടപ്പാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രതയാകാമായിരുന്നുവെന്ന അഭിപ്രായവുമുയർന്നു. ബി.ജെ.പി അതാണ് മുതലെടുത്തത്. പാർട്ടിവോട്ടുകൾ ചോരുന്ന നിലയുണ്ടായി. പാർട്ടി കോട്ടകളിലെ തോൽവി അന്വേഷിക്കണമെന്ന അഭിപ്രായവുമുയർന്നിട്ടുണ്ട്. ഇതിൽ ഇന്ന് തീരുമാനമായേക്കും. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ഒറ്റപ്പെടുത്താൻ മാത്രമായി ശബരിമലയെ ശത്രുചേരി ഉപയോഗപ്പെടുത്തി. ശബരിമല വിഷയമാണ് തിരഞ്ഞെടുപ്പിൽ പ്രധാനമായും ബാധിച്ചതെങ്കിൽ ബി.ജെ.പിക്ക് സീറ്റ് കിട്ടണമായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാദ്ധ്യത ഭരണഘടനയോട് ഉത്തരവാദിത്വമുള്ള സർക്കാരുകൾക്കുണ്ട്. അത് നിർവഹിക്കുകയാണ് ചെയ്തത്. മതത്തെയോ വിശ്വാസത്തെയോ ഇല്ലാതാക്കുകയല്ല എൽ.ഡി.എഫിന്റയോ സി.പി.എമ്മിന്റെയോ നയം. ബി.ജെ.പിയും യു.ഡി.എഫും ശബരിമലയെ തരംതാണ രീതിയിൽ പ്രചാരണ വിഷയമാക്കുകയും വീടുകളിൽ കയറി എൽ.ഡി.എഫ് സർക്കാരിനെതിരെ നീചമായ പ്രചാരണം നടത്തുകയും ചെയ്തതിലൂടെ വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനായി. തെറ്റിദ്ധാരണ കാരണം എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനമുണ്ടാവണം. വോട്ടെടുപ്പിൽ ശത്രുചേരി നടത്തിയ പ്രചാരണങ്ങളുണ്ടാക്കിയ സ്വാധീനവും അത് ഇത്രമാത്രം ആഘാതമുണ്ടാക്കുമെന്നതും മുൻകൂട്ടി തിരിച്ചറിയാനായില്ലെന്ന വിമർശനവുമുയർന്നു. പാർട്ടിയുടെ അടിത്തറയിലടക്കം വലിയ ചോർച്ചയുണ്ടായി. ജനവിശ്വാസം വീണ്ടെടുക്കുക മാത്രമാണ് പോംവഴി.