crime

വള്ളികുന്നം: വള്ളികുന്നത്ത് സമാന രീതിയിലുള്ള കവർച്ചകൾ തുടർക്കഥയായതോടെ നാട്ടുകാർ ആശങ്കയിൽ. വീടിനെ 'തനിച്ചാ'ക്കി രാത്രിയിൽ പുറത്തു പോകാനാവാത്ത അവസ്ഥയാണിപ്പോൾ. അടുത്ത കാലത്തായി ഒരേ രീതിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലായി നാലു വീടുകളിലും ക്ഷേത്രത്തിലും കവർച്ചയും കവർച്ചാശ്രമങ്ങളും നടന്നിട്ടുണ്ട്. ഇലിപ്പക്കുളം തകിടിയിൽ ഷൈല, ഇടത്തിട്ട കിഴക്കതിൽ നാസർ, തറയിൽ നൗഷാദ്, വാലയിൽ പി. കോമളൻ എന്നിവരുടെ വീടുകളിലും ഓംപള്ളി മഠം ക്ഷേത്രത്തിലും നിന്നായി 6 പവനും പതിനായിരത്തോളം രൂപയുമാണ് മോഷണം പോയത്. ഇതിനു പിന്നാലെയാണ് ഇന്നലെ വളളികുന്നം പൂമംഗലത്ത് വീട്ടിൽ സദാനന്ദന്റെ വീട്ടിൽ നിന്നു 45 പവൻ കവർന്നത്.

ഒരു വർഷത്തിനുള്ളിൽ വള്ളികുന്നം, കറ്റാനം മേഖലകളിൽ നിരവധി മോഷണങ്ങൾ നടന്നു. കറ്റാനം കട്ടച്ചിറയിൽ നിന്നു പത്ത് പവനും വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന് 40,000 രൂപയും കവർന്നു. വളളികുന്നം എസ്.ബി.ഐയുടെ എ.ടി.എം തകർത്ത് കവർച്ചാ ശ്രമം നടന്നത് അടുത്തിടെയാണ്. പ്രതികളെ ആരെയും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

മഴക്കാലം ലക്ഷ്യമാക്കി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഷ്ടാക്കൾ വള്ളികുന്നം, കറ്റാനം ഭാഗങ്ങളിൽ എത്തിയതായി സൂചനയുണ്ട്. പകൽ ചുറ്റിക്കറങ്ങി നടന്ന് വീടുകൾ കണ്ടുവച്ച ശേഷം രാത്രിയിലെത്തി മോഷണം നടത്തി മടങ്ങുകയാണ് ഇവരുടെ രീതി. പ്രാദേശികമായ സഹായം ഇത്തരക്കാർക്ക് ലഭിക്കുന്നുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. വീട്ടു പരിസരങ്ങളിൽ സംശയാസ്പദമായ രീതിയിൽ പരിചയമില്ലാത്തവരെ കണ്ടാൽ ഉടൻ അറിയിക്കണമെന്നു വളളികുന്നം പൊലീസ് അറിയിച്ചു.