38 ശതമാനം കുടുംബങ്ങളിൽ വിവരശേഖരണം നടന്നിട്ടില്ല
ആലപ്പുഴ : ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും പ്രളയവും കാരണം കന്നുകാലി സെൻസസ് പൂർത്തിയാക്കാൻ പറ്റാത്തത് മൃഗസംരക്ഷണ വകുപ്പിന് തിരിച്ചടിയാകുന്നു. കന്നുകാലികളുടെ കൃത്യമായ കണക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളിലുൾപ്പെടെ കുറവുണ്ടാകും.
72 ശതമാനം വീടുകളിലേ ജില്ലയിൽ കന്നുകാലി സെൻസസ് പൂർത്തിയായിട്ടുള്ളൂ. സർവേ പൂർത്തിയാക്കാൻ മേയ് 31 വരെയാണ് കേന്ദ്രസർക്കാർ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് സമയം നൽകിയിരുന്നത്. ശേഖരിച്ച വിവരങ്ങൾ ത്രീ വൺ ആപ്പിലേക്ക് ചേർക്കാനായി പത്ത് ദിവസം കൂടി നൽകിയിട്ടുണ്ട്. ഈ പത്ത് ദിവസം കൊണ്ട് 38 ശതമാനം വീടുകളിലെ ഡാറ്റ എങ്ങനെ ചേർക്കുമെന്ന് ഉദ്യോഗസ്ഥർക്ക് ഒരു പിടിയുമില്ല.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരാണ് ഇത്തവണ സർവേ നടത്തിയത്. 2012ൽ പുറത്തു നിന്നുള്ളവർക്ക് പരിശീലനം നൽകിയാണ് സർവേക്ക് നിയോഗിച്ചത്. അന്ന് സർവേ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. കന്നുകാലികളുടെ ഇനം ഉൾപ്പെടെ തിരിച്ചറിഞ്ഞ് സർവേയിൽ ചേർക്കുന്നതിനാണ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെത്തന്നെ ഇക്കുറി നിയോഗിച്ചത്. മാർച്ച് ഒന്നിന് മന്ത്രി പി.തിലോത്തമന്റെ വസതിയിൽ നിന്നാണ് ജില്ലയിലെ വിവരശേഖരണം ആരംഭിച്ചത്.
ഒരുദിവസം പരമാവധി 25 മുതൽ 30 വരെ വീടുകളിലേ സർവേ നടത്താൻ കഴിയൂ. ആദ്യഘട്ടത്തിൽ വീടുകളിൽപ്പോയി ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തിയിരുന്നു. പിന്നീട് പ്രാദേശിക നേതാക്കളിൽ നിന്ന് വിവരം ശേഖരിച്ച് ആപ്പിൽ അപ്‌ലോഡ് ചെയ്തെന്നും ആക്ഷേപമുണ്ട്.
വിവരശേഖരണം വിപുലം
മുൻകാലങ്ങളിൽ കന്നുകാലികളുടെ കണക്കുകൾ മാത്രമാണ് എടുത്തിരുന്നതെങ്കിൽ ഇത്തവണ വീട്ടിൽ വളർത്തുന്ന മുഴുവൻ മൃഗങ്ങളുടെയും കോഴിയുടെയും കണക്ക് ചേർക്കണം. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കണം. ഒരുകുടുബത്തിന് ഏഴുപേജോളം പൂരിപ്പിക്കേണ്ടി വരും. ഇതും കാലതാമസത്തിനിടയാക്കി. 2012ൽ 537959 കുടുബങ്ങളാണ് സർവേയുടെ പരിധിയിൽ വന്നിരുന്നത്. ഇത്തവണ ഇത് ആറ് ലക്ഷത്തിലധികം വരും.
146
72 ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലും സർവേ നടത്തുന്നതിനായി 146 ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയാണ് പരിശീലനം നൽകി നിയോഗിച്ചത്.
4000
ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ 4000 കുടുംബങ്ങളിൽ നിന്ന് വിവരം ശേഖരിക്കണം.
ഉദ്യോഗസ്ഥർ കുറവ്
ജില്ലയുടെ വടക്കൻമേഖലകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കുറവുണ്ട്. ഈ മേഖലയിൽ കന്നുകാലികളുടെ എണ്ണം കുറവായതിനാൽ മൃഗസംരക്ഷണ വകുപ്പിന്റെ സബ് സെന്ററുകൾ കുറവായതാണ് ഇതിനു കാരണം. ഇതുേ സർവേയെ ബാധിച്ചു.
ത്രീവൺ ആപ്പിൽ സമ്പൂർണ വിവരം
വീടുകളുടെ ലോക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇനം തിരിച്ച് കേന്ദ്ര സർക്കാരിന്റെ ത്രീവൺ ആപ്പിലാണ് അപ്‌ലോഡ് ചെയ്യുന്നത്. ഒരു കുടുംബത്തിന്റെ വിവരം ചേർക്കാൻ 20 മിനിട്ടോളം വേണ്ടിവരും.
മോണിട്ടറിംഗ് ഇല്ല
സർവേ തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും മോണിട്ടറിംഗ് സമിതി ഒരിക്കൽപ്പോലും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തിയിട്ടില്ല.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാർ ചെയർമാനും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. മേരി ജയിംസ് കൺവീനറുമായുള്ളതാണ് മോണിട്ടറിംഗ് സമിതി.
ചൂടും പ്രളയവും
മറ്റ് സംസ്ഥാനങ്ങൾക്ക് എട്ടുമാസത്തെ സമയം സർവേക്ക് കിട്ടിയപ്പോൾ പ്രളയം കാരണം കേരളത്തിന് കുറേ മാസങ്ങൾ നഷ്ടമായി. മാർച്ച് ഒന്നിന് മാത്രമാണ് സർവേ തുടങ്ങാനായത്. പിന്നീടുള്ള കൊടുംചൂടും വിവരശേഖരണത്തെ ബാധിച്ചു.
'' സെൻസസ് റിപ്പോർട്ട് കൃത്യമല്ലെങ്കിൽ തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കും. വീടുകളിൽ എത്താതെ സർവേ നടത്തിയെന്ന ആക്ഷേപത്തിൽ മോണിട്ടറിംഗ് സമിതി പരിശോധിച്ച് നടപടി എടുക്കും. സമയപരിധി വർദ്ധിപ്പിച്ച് കിട്ടുന്നതിന് കേന്ദ്രത്തോട് അനുവാദം ചോദിച്ചെങ്കിലും ഇതുവരെ
അനുകൂല മറുപടി ലഭിച്ചിട്ടില്ല
മൃഗസംരക്ഷണ വകുപ്പ്