waste

ആലപ്പുഴ : 'മൂക്കു തുളയ്ക്കുന്ന ഈ മണം സഹിച്ച് എങ്ങനെ വീട്ടിലിരിക്കും. വിരുന്നുകാർ വന്നാൽപ്പോലും അവർ വേഗം ഇവിടെ നിന്ന് രക്ഷപ്പെടുകയാണ്". നഗരത്തിൽ ഇ.എസ്.ഐയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന കുറേകുടുംബങ്ങളുടെ പരാതിയാണിത്. ഇവിടെ ശ്മശാനത്തിനോട് ചേർന്നുള്ള സ്ഥലത്തെ മാലിന്യ നിക്ഷേപമാണ് നാട്ടുകാർക്ക് ഭീഷണിയായിട്ടുള്ളത്. മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡുകൾ തോറും ശുചീകരണ പ്രവർത്തനം നടക്കുമ്പോഴാണ് ബീച്ചിന്റെ സമീപപ്രദേശത്ത് മാലിന്യം കുന്നുകൂടിയിട്ടുള്ളത്.

ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യം ഉൾപ്പെടെയാണ് രാത്രികാലങ്ങളിൽ ഇവിടെ തള്ളുന്നത്.

ബാർബർ ഷോപ്പുകളിൽ നിന്നുള്ള മുടി, ബിയർ,മദ്യക്കുപ്പികൾ വരെ ഇക്കൂട്ടത്തിലുണ്ടാകും. കുട്ടികൾ കളിക്കുന്ന സ്ഥലം കൂടിയാണിത്. ബിയർ കുപ്പികൾ പൊട്ടി ചിതറി കിടക്കുന്ന ചില്ലുകൾ കളിക്കാനെത്തുന്ന കുട്ടികളുടെ കാലിൽ കയറാറുണ്ട്. ആദ്യമൊക്കെ ഇവിടെ തള്ളുന്ന മാലിന്യങ്ങൾ പ്രദേശവാസികൾ തന്നെ കത്തിച്ചു കളയുമായിരുന്നു. എന്നാൽ വലിയ അളവിൽ മാലിന്യം തള്ളാൻ തുടങ്ങിയതോടെ ഇതിനും കഴിയാതായി. ചാക്കിനുള്ളിലാക്കി തള്ളുന്ന മാലിന്യങ്ങൾ തെരുവു നായ്ക്കൾ കടിച്ചു പുറത്തിടും.

ബീച്ചിലും ഇ.എസ്.ഐ വാർഡിലും പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുന്നുണ്ടെന്ന് പൊലീസും നഗരസഭാ ആരോഗ്യവിഭാഗവും പറയുന്നുണ്ടെങ്കിലും ഇവിടെ മാലിന്യ നിക്ഷേപത്തിന് കുറവില്ലെന്ന് നാട്ടുകാർ പറയുന്നു. കടൽക്കാറ്റടിക്കുമ്പോൾ മാലിന്യങ്ങളിൽ നിന്നുയരുന്ന രൂക്ഷഗന്ധം പ്രദേശമാകെ പരക്കും. ഇത് കാരണം ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

'' മാലിന്യം ഇതുവരെ ശ്രദ്ധയിൽപെട്ടില്ല. പ്രദേശവാസികൾ ആരും പരാതി നൽകിയിട്ടില്ല. നേരത്തെ ശ്മശാനത്തിന്റെ ഭാഗം കാട് പിടിച്ച നിലയിലായിരുന്നു. ഇപ്പോൾ കാട് വെട്ടിത്തെളിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശം സന്ദർശിച്ച് വേണ്ട നടപടിയെടുക്കും.

- സി.വി.മനോജ്,

വാർഡ് കൗൺസിലർ