അമ്പലപ്പുഴ: മനോരോഗത്തിന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നിറങ്ങി റെയിൽവേ പാളത്തിലൂടെ നടക്കുന്നതു കണ്ട് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി രക്ഷിച്ചു. ഇരവുകാട് വാർഡ് പുതുപ്പറമ്പ് വീട്ടിൽ ജയദേവൻ (30) ആണ് ആശുപത്രിയിൽ നിന്നു മുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയായിരുന്നു സംഭവം. ട്രെയിൻ വരാറായപ്പോൾ അപ്പക്കൽ ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽവേ പാളത്തിൽ കൂടി ഒരാൾ നടന്നു പോകുന്നതു കണ്ട പ്രദേശവാസികൾ ഇയാളെ പാളത്തിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതിരുന്നതിനെ തുടർന്ന് ആശുപത്രി എയ്ഡ് പോസ്റ്റിൽ വിവരം അറിയിക്കുകയായിരുന്നു. എയ്ഡ് പോസ്റ്റ് എ.എസ്.ഐ ധനേഷ് അമ്പലപ്പുഴ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ പാളത്തിൽ നിന്ന് പിടികൂടി ആശുപത്രിയിൽ തിരികെ എത്തിക്കുകയായിരുന്നു. നേത്രാവതി എക്സ്പ്രസ് കടന്നു പോകാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. വിവരങ്ങൾ തിരക്കിയപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ആളാണെന്ന് മനസിലായി. തങ്ങൾ അറിയാതെയാണ് ജയദേവൻ ആശുപത്രിയിൽ നിന്ന് പോയതെന്ന് ഭാര്യ അജിതകുമാരി പൊലീസിനോടു പറഞ്ഞു.