അമ്പലപ്പുഴ: വായു ക്ഷോഭത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാലപ്പറമ്പ് വീട്ടീൽ വാവച്ചന്റെ ഭാര്യ ലളിത (50) വാർഡിലെ ശൗചാലയത്തിനു മുന്നിൽ കുഴഞ്ഞുവീണു മരിച്ചു. കുത്തിവച്ച മരുന്ന് മാറിയതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
വെള്ളിയാഴ്ച രാവിലെയാണ് ലളിതയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനകൾക്കു ശേഷം പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചു. രോഗനിർണയത്തിനായി രക്ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ 4.30 ഓടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ലളിതയ്ക്ക് കുത്തിവയ്പ് നൽകി. പുലർച്ചെ അഞ്ചോടെ ശൗചാലയത്തിലേക്ക് തനിയെ നടന്നു പോയ ലളിതയെ പത്തു മിനിട്ടിനു ശേഷം ഇതിനു സമീപം കുഴഞ്ഞ് വീണ് മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു.
കുത്തിവെച്ച മരുന്ന് മാറിയതാണ് ലളിതയുടെ മരണ കാരണമെന്ന് ആരോപിച്ച ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും അമ്പലപ്പുഴ പൊലീസിനും പരാതി നൽകി. പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അടിയന്തരമായി പരിശോധിക്കേണ്ട രക്ത സാമ്പിളുകൾ വളരെ വൈകിയാണ് എടുത്തതെന്നും ബന്ധുക്കൾ ആശുപത്രി സൂപ്രണ്ട് ഡോ.രാംലാലിന് നൽകിയ പരാതിയിൽ പറയുന്നു.
മക്കൾ: രമ്യ, വൈശാഖ്, രശ്മി. മരുമക്കൾ: സുരേഷ്, അനീഷ്
.............................
'മൂത്രത്തിലെ പഴുപ്പും വൃക്കയുടെ തകരാറുമാണ് വീട്ടമ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വിശദമായ റിപ്പോർട്ട് കിട്ടിയ ശേഷമേ മരണ വിവരം വ്യക്തമാകുകയുള്ളു'
(ആശുപത്രി അധികൃതർ)