#മെഷീൻ തകരാറിലായിട്ട് മൂന്നു ദിവസം
# നിർദ്ധന രോഗികൾ ദുരിതത്തിൽ
അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ സി.ടി സ്കാൻ മെഷീൻ തകരാറിലായതോടെ അത്യാസന്ന നിലയിലെത്തുന്ന രോഗികൾ ഉൾപ്പെടെ ദുരിതത്തിൽ. ദിനംപ്രതി നിരവധി പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്ന സി.ടി സ്കാൻ മെഷീൻ പ്രവർത്തനം നിലച്ച് മൂന്നു ദിവസമായിട്ടും ആശുപത്രി അധികൃതർ പരിഹാര മാർഗങ്ങൾ തേടുന്നില്ലെന്നാണ് പരാതി.
മെഡി. ആശുപത്രിയിലെ സി.ടി സ്കാൻ യന്ത്രം തകരാറിലാകുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കാണ് രോഗികളെ അയയ്ക്കുന്നത്. ആശുപത്രിയിൽ ഒരു ആംബുലൻസ് മാത്രമാണുള്ളത്. ഒരാളെ ജനറൽ ആശുപത്രിയിലെത്തിച്ചു മടങ്ങുമ്പോൾ അര, മുക്കാൽ മണിക്കൂറോളം എടുക്കുന്നതിനാൽ മറ്റു രോഗികൾ ദുരിതത്തിലാകുന്നു. പല രോഗികളും സ്വകാര്യ ആംബുലൻസുകൾ വിളിച്ചു ജനറൽ ആശുപത്രിയിലേക്കു പോകാറുണ്ട്. 500 മുതൽ 1000 രൂപ വരെ ആംബുലൻസുകാർ വാങ്ങുന്നതിനാൽ നിർദ്ധനരായ രോഗികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്വകാര്യ ലാബുകാർ സി.ടി സ്കാനിംഗിന് 1500 മുതൽ 3000 രൂപ വരെ ഈടാക്കുന്നതിനാൽ പാവപ്പെട്ട രോഗികൾക്ക് ഇതും അസാദ്ധ്യമാകുന്നു. ബി.പി.എല്ലുകാർക്കും ആരോഗ്യഇൻഷ്വറൻസ് കാർഡുള്ളവർക്കും മെഡി. ആശുപത്രിയിൽ സി.ടി സ്കാനിംഗ് സൗജന്യമാണ്. എ.പി.എല്ലുകാർ നിശ്ചിത തുക അടയ്ക്കണം.
കഴിഞ്ഞ 6 മാസത്തിനിടെ മൂന്നാമത്തെ തവണയാണ് മെഡി. ആശുപത്രിയിലെ സി.ടി യന്ത്രം തകരാറിലാകുന്നത്. എല്ലാത്തവണയും ആഴ്ചകൾക്കുശേഷമാണ് ഇത് പ്രവർത്തനക്ഷമമാക്കുന്നത്. തകരാറിലായ ഭാഗങ്ങൾക്കു പകരമുള്ളവ കേരളത്തിനു പുറത്തു നിന്നു കൊണ്ടുവരേണ്ടതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ മാസം സി.ടി മെഷീനിന്റെ ട്യൂബായിരുന്നു തകരാറിലായത്. ഇപ്പോൾ യന്ത്രവുമായി ഘടിപ്പിക്കുന്ന ബോൾ തകരാറിലായെന്നാണ് ജീവനക്കാർ പറയുന്നത്.
.............................................
'അടിക്കടി സി.ടി സ്കാനർ തകരാറിലാകുന്നത് സ്വകാര്യ ലാബുകാരെ സഹായിക്കാനാണ്. രോഗികളുടെ ബന്ധുക്കൾ വിവരം തിരക്കാനായി സ്കാനിംഗ് സെന്ററിലെത്തുമ്പോൾ ജീവനക്കാർ തട്ടിക്കയറുന്നതും പതിവാണ്'
(രോഗികളുടെ ബന്ധുക്കൾ)