ആലപ്പുഴ: ജെ.എസ്.എസ് ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിഅമ്മയുടെ ജന്മശതാബ്ദി ആഘോഷവും 101-ാം പിറന്നാൾ ആഘോഷ സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 11ന് ആലപ്പുഴ കളപ്പുര ശക്തി ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ നടത്താൻ സ്വാഗതസംഘം എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദൻ, എ.കെ.ആന്റണി, ഉമ്മൻചാണ്ടി, മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്ക്, ജി.സുധാകരൻ, പി.തിലോത്തമൻ, ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴ രാമവർമ്മ ക്ളബ്ബിൽ നടന്ന യോഗത്തിൽ ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കാട്ടുകുളം സലിം അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. എ.എൻ.രാജൻ ബാബു, ആർ.പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, അഡ്വ. സഞ്ജീവ് സോമരാജൻ, സി.എം.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.