 കുട്ടികളെ ബസിൽ കയറ്റാതിരുന്നാൽ ഉടമയ്ക്കെതിരെ കേസ്

ആലപ്പുഴ : ബസിൽ കയറാൻ വരുന്ന വിദ്യാർത്ഥികളെ ആട്ടിയോടിക്കുന്ന സ്വകാര്യ ബസ് ഉടമകൾ സൂക്ഷിക്കുക. പണി പിന്നാലെ വരും. പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും പൊലീസും. വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കാതിരിക്കുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികൾ മുൻ വർഷങ്ങളിൽ ഉയർന്നതിനെത്തുടർന്നാണ് നിരീക്ഷണം കർശനമാക്കിയത്.

സ്വകാര്യ ബസുകളിലെ 'കിളി"മാർക്കാണ് വിദ്യാർത്ഥികളോട് കൂടുതൽ അയിത്തം. സ്റ്റോപ്പിൽ വിദ്യാർത്ഥികളെ കണ്ടാൽ ഇവർ ഡബിൾ ബെല്ലടിക്കും. ബസിൽ കയറിപ്പറ്റിയാലും മോശമായാണ് വിദ്യാർത്ഥികളോട് ചില ബസ് ജീവനക്കാർ പെരുമാറുന്നത്. ജീവനക്കാർ ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്നാൽ ഉടമയ്ക്കെതിരെ കേസെടുക്കും.

കൺസെഷൻ ആവശ്യപ്പെടുമ്പോൾ അപമാനിക്കുക,ബസിൽ കയറ്റാതിരിക്കുക, പുറപ്പെടുന്നതുവരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിറുത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാൽ വിദ്യാർത്ഥികൾ മോട്ടോർ വാഹനവകുപ്പിലോ പൊലീസിലോ പരാതി നൽകണം.

ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. പൊലീസും സ്റ്റുഡന്റ്സ് പൊലീസും രാവിലെയും വൈകിട്ടും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പ്രൈവറ്റ് ബസ് ഉടമകളെ പങ്കെടുപ്പിച്ച് ഈമാസം പകുതിയോടെ കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരും.

 കൺസെഷൻ ഔദാര്യമല്ല

സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി ബസുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾ യൂണിഫോമിൽ ആണെങ്കിൽ സ്വകാര്യ ബസുകളിൽ നിബന്ധനകൾക്ക് വിധേയമായി കൺസെഷൻ അനുവദിക്കണം. കൂടാതെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് ലഭിക്കുന്ന ഐഡന്റിറ്റി കാർഡ് ഉള്ള വിദ്യാർത്ഥികൾക്കും കൺസെഷൻ നൽകണം. സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇത് ബാധകമാണ്.

 കർശന നടപടി

വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന പരാതിയുടെ വ്യാപ്തി അനുസരിച്ച് മോട്ടോർ വാഹനവകുപ്പ് കേസ് ഫയൽ ചെയ്യും. പിഴ ചുമത്തുന്നതു മുതൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി വരെയുണ്ടാകും. കൺസെഷന്റെ പേരിൽ ബസിൽ വച്ച് അവഹേളിക്കപ്പെട്ടാൽ വിദ്യാർത്ഥികൾ 8547639004,047-2253160 എന്ന നമ്പരിൽ അറിയിക്കണം.

........

'' രാവിലെയും വൈകിട്ടും സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതികിട്ടിയാൽ ഉടൻ കേസ് എടുക്കും.

- ഷിബു.കെ.ഇട്ടി, ആർ.ടി.ഒ

'' സ്കൂൾ വിദ്യാർത്ഥികൾക്ക് എല്ലാത്തരത്തിമുലുള്ള സുരക്ഷ പൊലീസ് ഒരുക്കുന്നുണ്ട്. തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്ക് ധൈര്യമായി പരാതിപ്പെടാം. വേണ്ട നടപടി സ്വീകരിക്കും

- കെ.എം.ടോമി,ജില്ലാ പൊലീസ് മേധാവി


'' സർക്കാരിന്റെയും ആർ.ടി.ഒയുടെയും നിർദ്ദേശം പാലിക്കാറുണ്ട്. സ്വകാര്യ ബസുകളിൽ കുട്ടികളെ കയറ്റുന്നത് പൊലീസ് കൃത്യമായി നിരീക്ഷിക്കണം. എല്ലാ വിദ്യാർത്ഥികളും ഒരേ ബസിലേക്ക് ഇടിച്ച് കയറുമ്പോൾ മറ്റ് യാത്രക്കാരെ കയറ്റാനാവില്ല. വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകണമെന്ന് ബസുടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെയാണ് കൺസെഷൻ നൽകുക..

- പി.ജെ.കുര്യൻ,പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്

അസോസിയേഷൻ ജില്ലാ പ്രസിഡന്റ്