# രണ്ടു പൊലീസുകാർക്ക് പരിക്ക്
ആലപ്പുഴ: കുത്തുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ കാപ്പ കേസിലെ പ്രതി ഉൾപ്പെടെയുള്ള സംഘം വെട്ടി പരിക്കേൽപ്പിച്ചു. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ പോൾ (41), ഷൈജു (36) എന്നിവരെയാണ് പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രി 7.30ന് ചാത്തനാട്ട് ആയിരുന്നു ആക്രമണം.
കുത്തുകേസിലെ പ്രതികളും ചാത്തനാട് സ്വദേശികളുമായ കണ്ണൻ, രാഹുൽ എന്നിവർ കണ്ണന്റെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോളും ഷൈജുവും എത്തിയത്. വീടിന് സമീപം നിന്ന കണ്ണൻ പൊലീസുകാരെ വടിവാളിന് വെട്ടി. പോളിന്റെ കൈക്ക് 14 തുന്നൽ ഉണ്ട്. ഷൈജുവിന്റെ വയറിന് മുറിവേറ്റു. രാഹുൽ വടികൊണ്ട് ഷൈജുവിനെ അടിക്കുകയും ചെയ്തു. കാപ്പ കേസിലെ പ്രതിയായ രാഹുൽ 10 ദിവസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.