fever

ആലപ്പുഴ : മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കവേ, എറണാകുളത്ത് നിന്നുയരുന്ന 'നിപ" ഭീതി ആലപ്പുഴയേയും ആശങ്കയിലാക്കുന്നു. എല്ലാ മഴക്കാലത്തും വിവിധ തരം പനികളുടെ ആക്രമണം നേരിടുന്ന ജില്ലയാണ് ആലപ്പുഴ. ഡെങ്കി, എലിപ്പനി, ചിക്കുൻഗുനിയ എന്നിവ ബാധിച്ച് നിരവധി പേരാണ് മുൻവർഷങ്ങളിൽ ജില്ലയിൽ മരിച്ചത്. ഏതുതരം പകർച്ചപ്പനിയും ആദ്യം തലപൊക്കുന്നയിടം എന്ന കുപ്രസിദ്ധിയും ജില്ലയ്ക്കുണ്ടായിരുന്നു.

മഴക്കാല പൂർവ ശുചീകരണം വിജയത്തിലെത്താത്തത് പകർച്ചവ്യാധി ഭീഷണി വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, എച്ച് വൺ എൻ വൺ, മലേറിയ എന്നിവ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ഇക്കൊല്ലം പകർച്ചപ്പനി ബാധ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വരെ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച് വൺ എൻ വണിനും നിപ്പയ്ക്കുമായി ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചു.

എറണാകുളത്തെ യുവാവിന് 'നിപ്പ" സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത്തരമൊരു സംശയമുയർന്നതിൽ ആരോഗ്യരംഗത്തെപ്പോലെ ജില്ലയിലെ ടൂറിസം മേഖലയും ആശങ്കയിലാണ്. കഴിഞ്ഞ വർഷം കോഴിക്കോട്ട് നിപ്പ ബാധയുണ്ടായപ്പോൾ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ സഞ്ചാരികളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. വിദേശീയരും അന്യസംസ്ഥാനക്കാരുമായ സഞ്ചാരികൾ ബുക്കിംഗ് കാൻസൽ ചെയ്തതാണ് കാരണം.

s

പനി ലക്ഷണങ്ങൾ

 നിപ

നിപ്പ രോഗാണു ശരീരത്തിൽ കടന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 4 മുതൽ 18 ദിവസം വരെ എടുക്കും. പനി,തലവേദന,ചുമ,ശ്വാസം മുട്ടൽ,ബോധക്ഷയം,വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ.

 ഡെങ്കിപ്പനി

നാലുതരം വൈറസുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.ഈഡിസ് ഈജിപ്തി കൊതുകുകളാണ് രോഗവാഹകർ. ഡെങ്കി ടൈപ്പ് 1, 2, 3, 4 എന്നിങ്ങനെയാണ് വകഭേദങ്ങൾ. ഇതിൽ ടൈപ്പ് 2, 4 വിഭാഗത്തിൽപ്പെട്ടവ അപകടകരമാണെന്ന് ഡോക്ടർമാർ പറയുന്നു.

ഡെങ്കിയുടെ തുടക്കത്തിൽ തലവേദനയോടുകൂടിയ പനി, പേശികളിൽ വേദന തുടങ്ങിയവയും കടുത്ത ക്ഷീണവുമുണ്ടാകും.

 എലിപ്പനി

എലികളിൽനിന്നു മാത്രമല്ല കന്നുകാലികളിൽ നിന്നും എലിപ്പനി പടരാനുള്ള സാദ്ധ്യതയേറെയാണ്. ഇവയുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയാണ് മനുഷ്യശരീരത്തിൽ രോഗാണുക്കൾ കടക്കുന്നത്. ലെപ്‌റ്റോസ്‌പൈറോസിസ് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ ആണ് രോഗമുണ്ടാക്കുന്നത്. മലിനജലം, ചെളിവെള്ളം എന്നിവയിൽ നിന്ന് ശരീരത്തിലേക്ക് കടക്കും. വിശപ്പില്ലായ്മ, ഛർദ്ദിക്കാൻ തോന്നുക, കണ്ണിനുചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങളുണ്ടാകും.

എച്ച് വൺ എൻ വൺ

ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ, നെഞ്ചിനകത്ത് ഭാരം എന്നിവയാണ് പ്രാഥമികലക്ഷണങ്ങൾ. ചിലപ്പോൾ രോഗിക്ക് വയറിളക്കവും ചർദ്ദിയും അനുഭവപ്പെടും.

 ചിക്കുൻഗുനിയ

കൊതുക് മുഖേനയാണ് രോഗം പകരുന്നത്. കൈ,കാൽ മുട്ടുകളിലും സന്ധികളിലും കടുത്ത വേദന, വിറയലോടു കൂടിയ കഠിനമായ പനി,കണ്ണ് ചുമക്കുക,വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, ദേഹത്ത് കുരുക്കൾ,ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.

 മലേറിയ

പനിയോടൊപ്പം വിറയലും പേശീവേദനയും തലവേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. അമിതവിയർപ്പും ക്ഷീണവുമുണ്ടാകും. മനംപിരട്ടൽ,ഛർദി,വയറിളക്കം,ചുമ,തൊലിപ്പുറമേയും കണ്ണിലും മഞ്ഞനിറം,മൂത്രത്തിലെ നിറമാറ്റം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

..............

ശ്രദ്ധിക്കുക

 പനിയുള്ളവർ ആശുപത്രികളിൽ ചികിത്സ നേടണം. സ്വയം ചികിത്സ പാടില്ല.

 വ്യക്തി ശുചിത്വം പാലിക്കുക

മുൻകരുതലുകൾ

 ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം ഉപയോഗിക്കുക.

 വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക.

 കിണറുകൾ,ടാങ്കറുകൾ,വെള്ളം സംഭരിച്ച് വയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുക് കടക്കാത്തവിധം വലയിട്ടോ തുണികൊണ്ടോ മൂടുക.

വീടിന്റെ ടെറസിലുംസൺഷെയ്ഡിലും മറ്റും കെട്ടികിടക്കുന്ന വെള്ളം ഒഴുക്കികളയുക.

തോട്ടിലും അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക.

.

'' നിപ ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റ് പനികൾ ചിലേടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത പുലർത്തുന്നു. മരുന്നും പനിക്ലിനിക്കുകളും സജ്ജമാണ്. കൊതുക് നശീകരണമാണ് പ്രധാനം. അഞ്ച് മില്ലിലിറ്റർ വെള്ളം മതി കൊതുക് മുട്ടയിട്ട് പെരുകാൻ. അതുക്കൊണ്ട് കൊതുക് പെരുകാതിരിക്കാനുള്ള മാർഗങ്ങൾ ജനങ്ങൾ സ്വീകരിക്കണം.-അനിതകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ