ambalapuzha-news

 കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ കളക്ടറും തഹസിൽദാറും സന്ദർശിച്ചു

അമ്പലപ്പുഴ : ഇന്നലെ കടൽക്ഷോഭത്തിന് ശമനമുണ്ടായെങ്കിലും തീരത്തു നിന്ന് ആശങ്കയൊഴിയുന്നില്ല. ഞായറാഴ്ച ഉച്ചമുതലാണ് പുറക്കാട്, അമ്പലപ്പുഴ ,നീർക്കുന്നം ഭാഗങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമായത്. കടൽഭിത്തിയില്ലാത്തിങ്ങളിലാണ് കടലടിച്ച് കരയിലേക്ക് കയറിയത്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ജിയോ ട്യൂബുകളും കടലാക്രമണത്തിൽ തകർന്ന നിലയിലാണ്. കഴിഞ്ഞ വർഷം കടൽഭിത്തി തകർന്നയിടങ്ങളിൽ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

കാലവർഷം ശക്തമാകുന്നതോടെ കടൽക്ഷോഭവും രൂക്ഷമായേക്കുമെന്ന ഭീതിയിലാണ് തീരദേശവാസികൾ. പുറക്കാട്, നീർക്കുന്നം പ്രദേശങ്ങളിൽ പല വീടുകളും തകർച്ചാഭീഷണിയിലാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വ്യാസ ജംഗ്ഷൻ ഭാഗത്ത് 13 വീടുകൾ തകർച്ചാ ഭീഷണി നേരിടുന്നു . പുതുവലിൽ വത്സല, കോയാപ്പു, ആരിഫാ ,ഷജീർ, എന്നിവരുടെ വീടുകളാണ് ഏതു നിമിഷവും കടലെടുക്കാവുന്ന നിലയിലുള്ളത്.

കോയാപ്പുവിന്റെ വീടിന് പിൻഭാഗം ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം കടൽക്ഷോഭമുണ്ടായ പ്രദേശങ്ങൾ അമ്പലപ്പുഴ തഹസിൽദാർ സാജിത ബീഗം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വില്ലേജ് ഓഫീസർ സന്തോഷ് സജീവ്, വാർഡംഗം രാജേഷ് എന്നിവരും തഹസിൽദാർക്കൊപ്പമുണ്ടായിരുന്നു. ജില്ലാ കളക്ടർ എസ്.സുഹാസും കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

 സഹായം കിട്ടിയില്ല

5 വർഷം മുമ്പുണ്ടായ കടൽക്ഷോഭത്തിൽ ഭാഗിക നാശമുണ്ടായ വീടുകളുടെ അറ്റുകുറ്റപ്പണിക്കായി സർക്കാരിൽ നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടൽക്ഷോഭം രൂക്ഷമായിട്ടും തങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിക്കാൻ അധികാരികൾ തയാറായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ കടൽക്ഷോഭത്തിൽ നാശനഷം സംഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള സഹായം വിതരണം ചെയ്തു വരികയാണെന്ന് തഹസിൽദാർ പറഞ്ഞു.

'' കടൽത്തീരത്തു നിന്ന് മാറി താമസിയ്ക്കാൻ മത്സ്യത്തൊഴിലാളികൾ തയ്യാറാണെങ്കിൽ എല്ലാ സഹായവും റവന്യു വകുപ്പ് നൽകും

- തഹസിൽദാർ