antu

# മങ്കൊമ്പ് സ്വദേശി അനന്തകൃഷ്ണന് ഫേസ്ബുക്ക് ഹാൾ ഒഫ് ഫെയിം അംഗീകാരം


കുട്ടനാട്: വാട്ട്സാപ്പിൽ സംഭവിക്കുന്ന പിഴവിലൂടെ വ്യക്തികളുടെ ഡാറ്റ പൂർണ്ണമായോ ഭാഗികമായോ നഷ്ടമാകുന്ന ഗുരുതര പിഴവ് കണ്ടെത്തുകയും പരിഹാര മാർഗങ്ങൾ ഉൾപ്പെടെ ഫേസ്ബുക്ക് അധികൃതരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്ത കുട്ടനാടൻ മിടുക്കന് 'ഫേസ്ബുക്ക് ഹാൾ ഒഫ് ഫെയിം' പേജിൽ പ്രത്യേക ഇടവും 35,000 രൂപ കാഷ് അവാർഡും നൽകി ഫേസ്ബുക്കിന്റെ അംഗീകാരം.

മങ്കൊമ്പ് കൃഷ്ണവിഹാറിൽ കൃഷ്ണകുമാർ- ശ്രീജ ദമ്പതികളുടെ മകനും പ്ളസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയും ചെയ്യുന്ന അനന്തകൃഷ്ണനാണ് ഫേസ്ബുക്കും വാട്ട്സാപ്പും വെറുതേ സമയം കളയാനുള്ള ഉപാധി മാത്രമല്ലെന്ന് സമപ്രായക്കാരെ ഉൾപ്പെടെ വ്യക്തമാക്കിയത്. കുട്ടനാട്ടിലെ ഇന്റർനെറ്റ് സാദ്ധ്യതകൾ സംബന്ധിച്ച് പ്ളസ് ടു പഠന കാലയളവിൽത്തന്നെ എത്തിക്കൽ ഹാക്കിംഗ് രംഗത്ത് അനന്തകൃഷ്ണൻ ഗവേഷണം നടത്തുന്നുണ്ടായിരുന്നു. കേരള പൊലീസിന്റെ സൈബർ ഡോമുമായും അനന്തകൃഷ്ണൻ സഹകരിക്കുന്നുണ്ട്.

പിഴവുകളും തിരുത്തൽ മാർഗങ്ങളും അറിയിക്കുന്നവർക്ക് സമ്മാനങ്ങളും അംഗീകാരവും ഫേസ്ബുക്ക് നൽകാറുണ്ട്. നിരവധി മലയാളികൾ ഇതിനോടകം ഫേസ്ബുക്ക് അധികൃതർക്കു മുന്നിൽ താരങ്ങളായിട്ടുമുണ്ട്. ഇന്റർനെറ്റുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെ സ്വപ്നങ്ങളിലൊന്നാണ് ഫേസ്ബുക്കിന്റെ ഹാൾ ഒഫ് ഫെയിം അംഗീകാരം.