house

 കുട്ടികളടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ : പ്രളയപുനരധിവാസ പദ്ധതിയിൽ ഉദ്യോഗസ്ഥർ 29 ശതമാനം നാശനഷ്ടം കണക്കാക്കിയ വീട് ഞായറാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ തകർന്നു. മേൽക്കൂര തകർന്നു വീണെങ്കിലും വീടിനുള്ളിലുണ്ടായിരുന്ന കുട്ടികളടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്ത് വനവാതുക്കര ചക്കാലമൂലയിൽ വിജയന്റെ (65) വീടാണ് ഞായറാഴ്ച രാത്രി 11.30 ഓടെ തകർന്നു വീണത്.

ഓടുമേഞ്ഞ വീടിന്റെ രണ്ടു മുറിയുടെ മേൽക്കൂര നിലംപതിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളുള്ള വിജയനൊപ്പം മകൻ വിനോദ്, ഭാര്യ മഞ്ജു ,മക്കളായ മൂന്നാം ക്ളാസ് വിദ്യാർത്ഥി അഭിനവ്, രണ്ടര വയസുകാരി ശിവാനി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പ്രളയം ഏറെ ബാധിച്ച വീടിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലായിരുന്നു. കഴുക്കോലും പട്ടികയും ഭാഗികമായി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താറായ വീട്ടിൽ ഭീതിയോടെയാണ് കുടുംബം അന്തിയുറങ്ങിയിരുന്നത്. മഴ പെയ്യുമ്പോൾ മുറിക്കുള്ളിൽ കഴിയുന്നത് സുരക്ഷിതമല്ല എന്ന് കരുതിയ കുടുബാംഗങ്ങൾ വീടിന്റെ മുൻവശത്തേക്ക് ഇറക്കിപ്പണിത ചായ്പിലാണ് കുട്ടികളുമായി ഞായറാഴ്ച അന്തിയുറങ്ങിയത്. രാത്രി 11.30 ഓടെ ഉഗ്രശബ്ദം കേട്ട് ഞെട്ടി ഉണർന്നപ്പോൾ തകർന്നു വീണ മേൽക്കൂരയും വീട്ടുപകരണങ്ങളുമാണ് കണ്ടത്. അയൽക്കാർ ഓടിക്കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പ്രളയകാലത്ത് ഇവരുടെ വീടിനുള്ളിൽ എട്ട് അടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. തൊട്ടടുത്ത വീടിന്റെ ടെറസിലാണ് അന്ന് ഇവർ അഭയം തേടിയത്. വെള്ളം ഇറങ്ങിയപ്പോൾ വീട് ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നു. പുനരധിവാസ കണക്കെടുപ്പിന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിന്റെ അവസ്ഥയെപ്പറ്റി ധരിപ്പിച്ചിരുന്നു. പൂർണമായും വാസയോഗ്യമല്ലാതിരുന്നിട്ടും
റീബിൽഡ് ആപ്പ് പദ്ധതിയനുസരിച്ച് 16 മുതൽ 29 ശതമാനം കേടുപാടുകൾ സംഭവിച്ച വിഭാഗത്തിലാണ് ഈ വീട് ഉദ്യോഗസ്ഥർ ഉൾപ്പെടുത്തിയത്.അതനുസരിച്ച് അനുവദിച്ച 60000 രൂപ കൊണ്ട് ചുവരുകൾ തകർന്ന അടുക്കളയുടെ പണി മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചത്. കടം വാങ്ങി ബാക്കി പണി കൂടി തുടങ്ങണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് വീട് നിലംപൊത്തിയതെന്ന് വിനോദ് പറഞ്ഞു. വിജയന്റെ പേരിലുള്ള ഒന്നര സെന്റ് സ്ഥലത്താണ് ഈ വീട് നിൽക്കുന്നത്. വെൽഡിംഗ് ജോലിക്കാരനായ വിനോദിനെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്.
പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഇത്തരത്തിൽ തകർച്ചാ ഭീഷണിയിലുള്ള വീടുകൾ നിരവധിയാണ്.