തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിൽ വൈശാഖോത്സവത്തിന്റെ സമാപന ദിനത്തിൽ ഇരു നടകളിലും നടന്ന സഹസ്രകലശാഭിഷേകം ദർശനപുണ്യമായി .ശബരിമല, ഗുരുവായൂർ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം എന്നിവിടങ്ങൾ കഴിഞ്ഞാൽ, വർഷം തോറും സഹസ്രകലശം നടക്കുന്ന തുറവൂർ മഹാക്ഷേത്രത്തിലെ ചടങ്ങ് ദർശിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ഭക്തരെത്തി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിന് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപങ്ങളിൽ ശ്രീനരസിംഹമൂർത്തിക്കും ശ്രീ മഹാ സുദർശന മൂർത്തിക്കും രാവിലെ പരികലശങ്ങൾ അഭിഷേകം ചെയ്തതിനു ശേഷം മരപ്പാണി കൊട്ടി ദേവന്റ അനുവാദം വാങ്ങി ബ്രഹ്മകലശം എഴുന്നള്ളിച്ചു. ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണത്തിനു ശേഷം നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചശേഷം വടക്കനപ്പനും തെക്കനപ്പനും ബ്രഹ്മകലശം അഭിഷേകം ചെയ്തു.സഹസ്രകലശത്തോടെ ഒരു മാസം നീണ്ടു നിന്ന വൈശാഖോത്സ
വത്തിന് സമാപനമായി.
ചിത്രം: തുറവുർ മഹാക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ബ്രഹ്മകലശം എഴുന്നള്ളിച്ചപ്പോൾ .