# ജൈവ കൃഷിയിൽ താരങ്ങളായി വാണിയും വിജിത്തും

ആലപ്പുഴ: കാർഷിക ബിരുദവും അതിന്റെ ചുവടുപിടിച്ച് ലഭിച്ച സർക്കാർ ജോലിയും വാണിയെ സംബന്ധിച്ചിടത്തോളം ഒരലങ്കാരമോ ജീവനോപാധിയോ മാത്രമായി മാറിയില്ല. ഹരിപ്പാട് ഡാണാപ്പടി പാലത്തിന്റെ കിഴക്കേ ഇറക്കത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞൊന്നു നോക്കിയാൽ കാണാം വാണി പഠിച്ചതൊക്കെ ആ പറമ്പിൽ തഴച്ചുവളർന്നു നിൽക്കുന്ന കാഴ്ച. കണ്ടു പരിചയമുള്ളതും കാണാൻ ആഗ്രഹിച്ചതും എന്നെങ്കിലും കാണാൻ കഴിയുമോ എന്നു സന്ദേഹിച്ചതുമൊക്കെ ഈ കൃഷിത്തോട്ടത്തിൽ പൂത്തു തളിർത്തു നിൽപ്പുണ്ട്. സകലം ജൈവമയം. രാസവളത്തിന്റെ ഗന്ധംപോലും എത്തിനോക്കാത്ത തോട്ടമെന്നു പറഞ്ഞാൽ അതിഭാവുകത്വമാവില്ല.

ഹരിപ്പാട് എസ്.എൻ തീയറ്റർ ഉടമ ഡാണാപ്പടി പാലക്കുളങ്ങരമഠത്തിൽ പരേതനായ വാസുവിന്റെ മകൾ വാണി വീട്ടുവളപ്പിലെ നാലര ഏക്കറിൽ പച്ചക്കറി വിപ്ളവത്തിന് വിത്തുപാകിയിട്ട് ഏറെനാളായി. ഭർത്താവ് കണ്ണൂർ സ്വദേശി വിജിത്തിന്റെ സമ്പൂർണ്ണ സഹകരണത്തോടെ വാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ജൈവ പച്ചക്കറിത്തോട്ടത്തിൽ ഇല്ലാത്ത ഇനങ്ങളില്ല. വാണിയുടെ കല്ല്യാണം പോലും കൃഷിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായിരുന്നു. വീട്ടുവളപ്പിൽ സ്വന്തമായി നടത്തിയ നെൽക്കൃഷിയിൽ നിന്നുള്ള നെല്ലിന്റെ അരിയുപയോഗിച്ചാണ് കല്ല്യാണത്തിന് ചോറുവിളമ്പിയത്. കൃഷിയിൽ തത്പരനും കാർഷിക ബിരുദധാരിയുമായ വിജിത്ത് ഒപ്പം കൂടിയതോടെ കല്ല്യാണ വർഷമായ 2010 മുതൽ കൃഷിപാഠം സജീവമായി. ജോലി രാജിവച്ചുകൊണ്ട് വാണി കൃഷിയിടത്തിലേക്കിറങ്ങി. 'ജൈവ കലവറ' എന്ന പേരിൽ കൃഷിയിടത്തോടു ചേർന്ന് വില്പന കേന്ദ്രവും ആരംഭിച്ച ദമ്പതികളെ തേടി ഇതിനോടകം നിരവധി പുരസ്കാരങ്ങളുമെത്തി.

കുമ്പളം, വഴുതന, വെണ്ട,പച്ചമുളക്, മത്തൻ,വെള്ളരി, തടിയൻ,ചീര, പടവലം,പാവൽ, വാഴ, വിവിധ ഔഷധ സസ്യങ്ങൾ, മുള, ഈറ, തണൽ വൃക്ഷങ്ങൾ എന്നിവ ഇവിടുണ്ട്. നാടൻ പശു, കോഴി, താറാവ്, കാള എന്നിവയും കൂട്ടിനുണ്ട്. 300 വീതമുണ്ട് താറാവും കോഴിയും. താറാവ്, കോഴി, പശു ഇനങ്ങളിൽ നിന്നായി കൃഷിയിടത്തിലേക്കുള്ള ജൈവ വളം സമൃദ്ധമായി ലഭിക്കും. താറാവും കോഴിയുമൊക്കെ പകൽ പുരയിടത്തിൽത്തന്നെ ചുറ്റക്കറങ്ങി നടക്കുന്നതുകൊണ്ട് കളകളും കീടങ്ങളും തീരെയില്ല.

മണ്ണിന്റെ മണമുള്ള ജീവിതമാണ് വാണിയുടെയും വിജിത്തിന്റെയും. മണ്ണിനെ സ്റ്റേഹിക്കാനൊരു മനസുണ്ടായാൽ കൃഷി ആസ്വദിക്കാനാവുമെന്നാണ് ഈ ദമ്പതികളുടെ പക്ഷം. കൃഷിയിൽ പരീക്ഷണങ്ങളിലൂടെ പുതിയ മേഖലകൾ കീഴടക്കാനുള്ള പരിശ്രമങ്ങളിലാണ് ഇരുവരും.