ആലപ്പുഴ: നിപ റിപ്പോർട്ട് ചെയ്ത എറണാകുളത്തിന് സമീപമുള്ള ജില്ല എന്ന നിലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ ആലപ്പുഴയിലും ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കി. പൂർണ സജ്ജീകരണങ്ങളുള്ള ഐസൊലേഷൻ വാർഡ്, സജ്ജമായ ഐ.സി.യു എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുങ്ങുകയാണ്. സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന് സമീപം എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശ്രമ കേന്ദ്രത്തിന് കിഴക്കുവശം ഉള്ള കെട്ടിടമാണ് ഐസൊലേഷൻ വാർഡ് ആക്കുന്നത്. ഇവിടെ താഴത്തെ നിലയിൽ ഒ.പിയും നിരീക്ഷണമുറിയും മുകളിലത്തെ നിലയിൽ വാർഡും സജ്ജീകരിക്കും. വേണ്ടത്ര മരുന്നുകൾ, രോഗ പ്രതിരോധ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അത്യാവശ്യഘട്ടത്തിൽ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കാനുള്ള മുൻകരുതലും എടുത്തിട്ടുണ്ട്.
രോഗലക്ഷണം സംശയിക്കുന്ന ആരെയെങ്കിലും പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ പ്രത്യേകം ഒരുക്കിയിട്ടുള്ള കേന്ദ്രത്തിലൂടെ മാത്രം പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രാഥമിക പരിശോധനയിൽ നിപ സംശയമുണ്ടെന്ന് കണ്ടാൽ മാത്രം ഇത്തരം രോഗികളെ മറ്റുള്ളവരിൽ നിന്ന് വേർപെടുത്തി പ്രത്യേക ആംബുലൻസ് ഉപയോഗിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശനം കർശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിപ വൈറസ് സംശയിക്കുന്നവരെ പ്രവേശിപ്പിച്ചാൽ എടുക്കേണ്ട മുൻകരുതൽ സംബന്ധിച്ച് മെഡിക്കൽ കോളജിലെ എല്ലാ വിഭാഗത്തിലെയും ജീവനക്കാർക്കും ഡോക്ടർമാർക്കും അറിയിപ്പുകൾ നൽകി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, പ്രിൻസിപ്പൽ ഡോ.പുഷ്പലത, വൈസ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ്, മെഡിസിൻ വിഭാഗം വകുപ്പുമേധാവി ഡോ.ഉണ്ണിക്കൃഷ്ണൻ കർത്ത, നോഡൽ ഓഫീസർ ഡോ.ജൂബി ജോൺ, ഡോ.അനിതാ മാധവൻ, ഡോ.ഷാജി തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്ട് നിപ ബാധിത മേഖലയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ.ബാലു ജേംസ്യൂട്ട് ഉൾപ്പടെയുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് തത്സമയ അവതരണം നടത്തി.