kuttemperoor

മാന്നാർ : അതിജീവനത്തിന്റെ ചരിത്രമെഴുതിയ കുട്ടേരൂർ ആറിന്റെ ഇരുകരകളും ജൈവ സങ്കേതമാകുന്നു. പരിസ്ഥിതി ദിനമായ ഇന്ന് 5000 വൃക്ഷത്തൈകൾ 5000 പേർ ചേർന്നു നദിയുടെ ഇരുകരകളിലെ ബണ്ടുകളിലും നടുന്നതോടെ പദ്ധതിക്ക് തുടക്കമാകും. സാമൂഹ്യ,രാഷ്ട്രീയ,സാംസ്‌കാരിക, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ പരിസ്ഥിതി പ്രവർത്തകർ ,വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളാകും. ജലം, പ്രകൃതി എന്നിവയുടെ സംരക്ഷണത്തിന്റെ ആവശ്യകത നാടിനെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

മൃതിയടഞ്ഞു കിടന്ന കുട്ടമ്പേരൂർ ആറ് ഒരു വലിയ ജനകീയ ദൗത്യത്തിലൂടെയാണ് പുനരുജ്ജീവനത്തിന്റെ പാഠമെഴുതിയത്.

2018 ജൂലായ് 11 ന് പുനർനിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള സർവേ ആരംഭിച്ചെങ്കിലും പ്രളയത്തെ തുടർന്ന് അത് നിറുത്തി വച്ചു. പ്രളയശേഷം സെപ്തംബർ 27ന് പുനരാരംഭിച്ച സർവ്വേ 2019 മാർച്ച് അവസാനം പൂർത്തീകരിച്ചു, തുടർന്ന് ഇറിഗേഷൻ വകുപ്പ് ആറിന്റെ നിലവിലുള്ള ആഴത്തിന്റെ അളവെടുപ്പു പൂർത്തികരിച്ചു. മേയ് 1ന് ആറിന്റെ പുനർനിർമ്മാണത്തിന് തുടക്കം കുറിച്ചു.
കുറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒരു നദിയുടെ പുനർനിർമ്മാണം ആരംഭിച്ചതിന്റെ ബഹുമതി ബുധനൂർ പഞ്ചായത്തിനും അതിന് നേതൃത്വം നൽകുന്ന പ്രസിഡന്റ് അഡ്വ.പി.വിശ്വംഭരപ്പണിക്കർക്കും സ്വന്തമായി. നാളെ മന്ത്രി തോമസ് ഐസക്കാണ് വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്യുക. കൊടിക്കുന്നിൽ സുരേഷ് എം. പി, സജി ചെറിയാൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

കുട്ടമ്പേരൂർ ആറിന്റെ

അതിജീവനം ഇങ്ങനെ

പമ്പ, അച്ചൻകോവിൽ എന്നീ നദികളെ തമ്മിൽ സംയോജിപ്പിച്ചു കൊണ്ടാണ്

കുട്ടമ്പേരൂർ ആറ് ഒഴുകുന്നത്. രാജഭരണകാലത്ത് വെട്ടിയുണ്ടാക്കിയതാണ് ഇത്. 70 മുതൽ 120 വരെ മീറ്റർ വീതിയുണ്ടായിരുന്ന ഈ നദി ഒരു കാലത്ത് ബുധനൂർ പഞ്ചായത്തിന്റെയും മാന്നാറിന്റെ കിഴക്കൻ മേഖലയുടെയും കാർഷികാഭിവൃദ്ധിയുടെ അവിഭാജ്യഘടകമായിരുന്നു. മാലിന്യ നിക്ഷേപത്തോടും കൈയേറ്റത്തോടുമൊപ്പം അശാസ്ത്രീയമായ നാല് പാലങ്ങൾ കൂടി വന്നതോടെ ആറ്റിലെ ഒഴുക്ക് നിലച്ചു.

നദിയുടെ ഈ അവസ്ഥ മൂലം സമീപ പ്രദേശങ്ങളിലെ കിണറുകളിൽപ്പോലും വെള്ളം കിട്ടാതായി.

ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ 'പടിഞ്ഞാറൻ മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം താണ്ടിയെത്തുന്ന ചെന്നിത്തല പള്ളിയോടത്തിന്റെ പ്രധാന യാത്രാമാർഗ്ഗം കുട്ടമ്പേരൂർ ആറാണ്. മാലിന്യ നിക്ഷേപത്തെ തുടർന്ന് ആറ്റിലെ ഒഴുക്കു നിലച്ചപ്പോൾ ഓണക്കാലത്ത് പ്രത്യേകം പാത താത്കാലികമായി തെളിച്ചായിരുന്നു പള്ളിയോടത്തിന്റെ പോക്കുവരവ്.

2012ൽ നദിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും സർവേ പോലും പൂർത്തീകരിക്കാനാവാതെ നിർത്തിവച്ചു.

എന്നാൽ 2017ൽ ആറിന്റെ പുനരുജ്ജീവനം സാദ്ധ്യമായി. തൊഴിലുറപ്പ് പദ്ധതി പ്രകാരം 700 പേർ ചേർന്ന് 40ൽ അധികം ദിവസങ്ങൾ ജോലിചെയ്താണ് ഈ ദൗത്യം പൂർത്തീകരിച്ചത്. രാജ്യത്തു തന്നെ ഇങ്ങനെയൊരു ദൗത്യം ആദ്യമായായിരുന്നു. 30000ഓളം തൊഴിൽദിനങ്ങളാണ് വേണ്ടി വന്നത്.

2017ൽ മന്ത്രി ജി.സുധാകരനാണ് പുനരുജ്ജീവിപ്പിച്ച കുട്ടമ്പേരൂർ ആറ് നാടിന് സമർപ്പിച്ചത്.