photo

ചേർത്തല : തണ്ണീർമുക്കം ബണ്ടിനു സമാന്തരമായുള്ള മണൽച്ചിറയിൽ നിന്ന് മണൽമാ​റ്റുന്ന ജോലികൾ ആരംഭിച്ചു. ഒരാഴ്ചയിലേറെ നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ടോടെയാണ് മണൽമാ​റ്റി തുടങ്ങിയത്.വ്യാഴാഴ്ചയോടെ മാത്രമേ ജോലി പൂർണമായി തുടങ്ങുകയുള്ളു.
ചിറയിൽ നിന്ന് 19,846 ഘനമീ​റ്റർ മണൽ മാറ്റുന്നതിനാണ് തീരുമാനം. മണൽ മാറ്റുന്നതിനായി ജലസേചനവകുപ്പ് ഉന്നത സാങ്കേതിക വിഭാഗം മേധാവിയുടെ അനുമതി തേടിയിരുന്നു.ഔദ്യോഗികമായി അനുമതി ലഭിച്ചില്ലെങ്കിലും വാക്കാലുള്ള നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് ജോലികൾ ആരംഭിച്ചത്.അടുത്ത ദിവസം തന്നെ സാങ്കേതിക വിഭാഗം മേധാവി തണ്ണീർമുക്കം ബണ്ട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.വെച്ചൂർഭാഗത്ത് ജലസേചനവകുപ്പിന്റെ സ്ഥലത്താണ് മണ്ണ് നിക്ഷേപിക്കുന്നത്.ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ചിറയുടെ 420 മീ​റ്ററോളം ഭാഗമാണ് നീക്കുന്നത്.സർക്കാർ ഇതിനായി 70 ലക്ഷം രൂപ അനുവദിച്ചിരുന്നു.നിലവിലെ വെള്ളനിരപ്പിൽ നിന്ന് 85 സെന്റീമീ​റ്റർ വരെ ആഴത്തിലുള്ള മണലാണ് നീക്കുന്നത്.