# റോഡിലെ വൈറ്റ് ടോപ്പിംഗ് ചെലവ് കിലോമീറ്ററിന് 10 കോടി
ആലപ്പുഴ: ബംഗളുരുവിൽ അത്യാധുനിക രീതിയിൽ നിർമ്മാണം പുരോഗമിക്കുന്ന റോഡുകൾ മന്ത്രി
ജി. സുധാകരൻ സന്ദർശിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലും ഈ നിർമ്മാണ രീതി നടപ്പാക്കാൻ പരിശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പം സ്വകാര്യ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ബംഗളുരു കോർപ്പറേഷനിലെ 'ബൃഹദ് ബംഗളുരു മഹാനഗര പാലികെ' എന്ന റോഡ് നിർമ്മാണ രീതിയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി സംസാരിച്ചു. വൈറ്റ് ടോപ്പിംഗ് ആണ് ഇവിടത്തെ പുതിയ പരീക്ഷണം. നഗര റോഡുകൾ പലേടത്തും 45 മീറ്ററുണ്ട്. 6 വരി വാഹന പാതകളും ഇരുഭാഗത്തുമായി 4 വരി സർവ്വീസ് റോഡുകളുമാണുള്ളത്. പ്രധാന പാതകൾക്ക് നടുവിലായി 5 മീറ്റർ വീതം ഇരുഭാഗത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഒരു കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിംഗ് നടത്താൻ 10 കോടിയോളം രൂപ ചെലവ് വരുമെന്നും റോഡ് 30 വർഷം വരെ നീണ്ടുനിൽക്കുമെന്നും ബംഗളുരു ഉദ്യോഗസ്ഥർ അറിയിച്ചു.
ടാർ റോഡുകളുടെ മുകളിൽ കാലിഞ്ച് കനം യന്ത്രം ഉപയോഗിച്ച് മാറ്റിയ ശേഷമാണ് വൈറ്റ് ടോപ്പിംഗ് നടത്തുന്നത്. നഗരത്തിൽ 900 കിലോമീറ്ററോളം റോഡ് ഇങ്ങനെ ചെയ്യാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 9000 കോടിയിലേറെയാണ് ചിലവ്. 94 കിലോമീറ്റർ പൂർത്തിയായി. ഒന്നു മുതൽ പത്ത് കോടി വരെ വിലയുള്ള വിദേശ നിർമ്മിത യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണങ്ങൾ നടത്തുന്നത്.
മന്ത്രിയുടെ സന്ദർശനം അറിഞ്ഞ് ബി.ബി.എം.പി കമ്മിഷണർ മഞ്ജുനാഥ പ്രസാദ്, ചീഫ് എൻജിനിയർ നാഗരാജ് എന്നിവർ ഫോണിലൂടെ ബന്ധപ്പെട്ടു. എൻജിനിയർമാരും കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുമായ ബാസവരാജ് കബാഡെ, മാധവ്, രാമചന്ദ്ര അയ്യപ്പ, ദീപക്, മലയാളിയായ ബാലസുബ്രഹ്മണ്യം, അമ്പലപ്പുഴക്കാരനായ ഷാബുലാൽ എന്നിവർ റോഡ് നിർമ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മന്ത്രിയെ ബോദ്ധ്യപ്പെടുത്തി.
കേരളത്തിൽ ബി.എം ആൻഡ് ബി.സി പ്രകാരം ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ ഒരു കോടി രൂപ ചെലവ് വരും. 2-3 വർഷമാണ് കാലാവധി. വൈറ്റ് ടോപ്പിംഗിന് ചെലവ് കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ബി.എം ആൻഡ് ബി.സിയെക്കാൾ കൂടുതലല്ലെന്നും മന്ത്രി പറഞ്ഞു.