ആലപ്പുഴ : പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതികളായ തോണ്ടൻകുളങ്ങര കിളിയൻ പറമ്പ് കണ്ണൻ(അരുൺ കുമാർ-27), തോണ്ടൻകുളങ്ങര വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രവീന്ദ്രൻ(28), ഇരവുകാട് കിഴക്കേ വീട്ടിൽ
ഷജീർ(കണമ്പ് ഷജീർ -) എന്നിവരെ നോർത്ത് എസ്.ഐ ബിബിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കുത്തുകേസിലെ പ്രതികളായ കണ്ണനെയും രാഹുലിനെയും പിടിക്കുന്നതിനായി കണ്ണന്റെ വീടിന് സമീപം എത്തിയ നോർത്ത് സ്റ്റേഷനിലെ പൊലീസുകാരായ പോൾ, ഷൈജു എന്നിവരെയാണ് ഇവർ വെട്ടി പരിക്കേല്പിച്ചത്.
സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ അപകടത്തിൽപ്പെട്ടു. ഈ സമയം പ്രദേശത്ത് എത്തിയ പൊലീസ് സംഘം പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
കണ്ണൻ മഴു ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കി. കൊലപാതകം, വധശ്രമം ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലായ മൂവരും. കഞ്ചാവ്, മയക്കുമരുന്ന് കടത്ത്, മോഷക്കേസുകളിലും ഇവർ പ്രതികളാണ്. ഗുണ്ടാ ആക്ട് പ്രകാരം 6 മാസം കരുതൽ തടങ്കലിനു ശേഷം കഴിഞ്ഞ മാസമാണ് രാഹുലും കണ്ണനും പുറത്തിറങ്ങിയത്.
കണ്ണനും രാഹുലും പ്രതിയായ വധശ്രമക്കേസിലെ വിചാരണ കോടതിയിൽ നടന്നു വരികയാണ്. ഈ കേസിലെ സാക്ഷിയായ പുന്നപ്ര സ്വദേശിയായ സന്തോഷ് കോടതിയിൽ മൊഴിനൽകിയതിനത്തുടർന്ന് ഇവർ സന്തോഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. രക്തം വാർന്നു റോഡിൽ കിടന്ന സന്തോഷിനെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സന്തോഷ് അപകടനില തരണം ചെയ്തിട്ടില്ല. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിർദ്ദേശാനുസരണം ഡി.വൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിൽ എസ്.ഐ.ബാബു, ഉദയൻ, ബിനു, വികാസ്, ആന്റണി, ഷിനോജ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.