മാരാരിക്കുളം: ഫുട്ബാളിൽ ആലപ്പുഴയുടെ ഭാവിവാഗ്ദാനമായ ഗൗരി ദേശീയ മത്സരത്തിൽ പങ്കെടുക്കാനായി ഒഡീഷയിലേക്കു പുറപ്പെട്ടു. സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ കായിക താരമാണ് ഗൗരി.
മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാർഡ് തെക്കേവെളിയിൽ ബാബുവിന്റെയും പഞ്ചായത്ത് അംഗമായ സിന്ധുക്കുട്ടിയുടെയും മകളും കലവൂർ ഗവ.സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ഗൗരി. മുന്നേറ്റ നിരയിൽ മികച്ച പ്രകടനമാണ് ഗൗരിയുടേത്. എട്ടിനാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ കലവൂർ സ്കൂളിലെ ഫുട്ബാൾ അക്കാദമിയിൽ വി.എൽ.സുരേഷ് കുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം. അക്കാദമിയിൽ കലവൂർ സ്കൂളിലെ 117 പേർ പരിശീലനത്തിന് എത്തുന്നുണ്ട്. 40 പേരും പെൺകുട്ടികളാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഫുട്ബാൾ പരിശീലനം നടത്തുന്ന ക്യാമ്പാണ് കലവൂരിലേത്.
ഫുട്ബാളിന് പുറമേ മികച്ച നാടൻപാട്ട് കലാകാരി കൂടിയാണ് ഗൗരി. ശ്രീമുരുക നാടൻ പാട്ട് ട്രൂപ്പിന്റെ മുഖ്യസംഘാടകയുമാണ്. സഹോദരൻ:നിരഞ്ജൻ.