sf

ഹരിപ്പാട് : ലോറികൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് ഹരിപ്പാട്ട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ 4.30 ഓടെ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംഗ്ഷന് തെക്ക് വശത്തായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയുടെ നിർമ്മാണത്തിനായി ചേർത്തലയിലേക്ക് ടാർ മിക്സ് ചെയ്ത മെറ്റൽ കയറ്റിക്കൊണ്ടുപോയ ടോറസും, എംസാൻഡ് കയറ്റി കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് ലോറിയിൽ നിന്ന് എം സാൻഡ് റോഡിലേക്ക് വീണതിനെത്തുടർന്നാണ് ആറ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചത്. നങ്ങ്യാർകുളങ്ങര കവലയിൽ നിന്ന് കാർത്തികപ്പള്ളി വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. ജെ.സി.ബി ഉപയോഗിച്ച് എം സാൻഡും ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങളും നീക്കം ചെയ്തശേഷം രാവിലെ പത്തരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.