photo

ആലപ്പുഴ: മഴ മേഘങ്ങളൊഴിഞ്ഞ അന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് ചിരിച്ചും ചിണുങ്ങിയും കുരുന്നുകളെത്തി. അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി കുരുന്നുകളെത്തിയപ്പോൾ വർണത്തൊപ്പിയും ബലൂണുകളും നാടൻപാട്ടും അവരെ വരവേറ്റു.

ജില്ലയിൽ 11,100 വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം ക്ളസിൽ എത്തിയത്.

ജില്ലാ തല സ്കൂൾപ്രവേശോനോത്സവം കിടങ്ങറ ഗവ. എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.ടി.മാത്യു അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ.കുമാർ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.അശോകൻ, വെളിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോ ഓർഡിനേറ്റർ എം.കെ.പ്രസന്നൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്ര നാഥിന്റെ സന്ദേശം വേദിയിൽ വായിച്ചു.