അമ്പലപ്പുഴ : കഞ്ഞിപ്പാടം - വൈശ്യംഭാഗം പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റിൽ നടക്കും. ഇന്നലെ വൈകിട്ട് പാലം നിർമ്മാണം വിലയിരുത്താനെത്തിയ മന്ത്രി ജി.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പൂക്കൈത ആറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ പെയിന്റിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അമ്പലപ്പുഴ- കുട്ടനാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ യാത്രാക്ളേശത്തിനും പരിഹാരമാകും. ചമ്പക്കുളം, നെടുമുടി ഭാഗങ്ങളിലുള്ളവർക്ക് എ.സി റോഡിൽ കയറാതെ ദേശീയപാതയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്താൻ പാലം ഉപകരിക്കും. 2013ലാണ് നിർമ്മാണം ആരംഭിച്ചത്. ആറു വർഷത്തിനിടയിൽ നിരവധി തവണ പണി നിറുത്തി വയ്ക്കേണ്ടി വന്നു. ദേശീയ ജലപാതയായതിനാൽ ജലവിതാനത്തിൽ നിന്ന് 7 മീറ്റർ ഉയർത്തിയാണ് പാലം നിർമ്മിക്കുന്നത്.
ഇതോടൊപ്പം നിർമ്മാണ പ്രവർത്തനം നടക്കുന്ന എസ്.എൻ കവല - കഞ്ഞിപ്പാടം റോഡിന്റെ പുരോഗതിയും മന്ത്രി വിലയിരുത്തി. പാലത്തിനൊപ്പം ഈ റോഡും പുനർനിർമ്മിക്കുന്നതോടെ പ്രദേശത്തിന്റെ മുഖഛായ മാറും. റോഡിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയർ ബിന്ദു, എക്സിക്യൂട്ടിവ് എൻജിനിയർമാരായ വിനു, അനിത മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, എച്ച്.സലാം, എ.ഓമനക്കുട്ടൻ, പ്രജിത് കാരിക്കൽ, എ.അഫ്സത്ത്, സി.പ്രദീപ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
വൈശ്യംഭാഗം - കഞ്ഞിപ്പാടം പാലം
350 മീറ്റർ നീളം
11 സ്പാനുകൾ
33
2017ൽ 17 കോടി വകയിരുത്തിയാണ് പാലം നിർമ്മാണം ആരംഭിച്ചത്. പിന്നീട്, 16 കോടി കൂടി വകയിരുത്തി. മൊത്തം 33 കോടി രൂപ ചെലവിലാണ് പാലം പൂർത്തീകരിക്കുന്നത്.
എസ്.എൻ കവല- കഞ്ഞിപ്പാടം റോഡ്
15 കോടി രൂപ ചെലവഴിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.