a

മാവേലിക്കര: കൊടുങ്ങലൂർ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളുടെ അവകാശി രാമവർമ്മ രാജ തമ്പുരാന് ചെട്ടികുളങ്ങര ക്ഷേത്ര പൗരാവലിയും ഹിന്ദുമത കൺവൻഷനും ചേർന്ന് വരവേല്പ് നൽകി. ചരിത്രത്തിലാദ്യമായാണ് കൊടുങ്ങല്ലൂർ തമ്പുരാൻ ചെട്ടികുളങ്ങരയിലെത്തുന്നത്. ബുധനാഴ്ച രാവിലെ 10ന് വടക്കേ നടയിൽ നിന്ന് ക്ഷേത്ര മേളങ്ങളുടേയും കുത്തിയോട്ട പാട്ടിന്റേയും അകമ്പടിയോടെ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി രാമവർമ്മ രാജ തമ്പുരാനെ പുർണ്ണ കുംഭം നൽകി നാലമ്പലത്തിലേക്ക് സ്വീകരിച്ചു. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി.

കൺവെൻഷൻ പ്രസിഡന്റ് എം.കെ രാജീവ് ,സെക്രട്ടറി ആർ.രാജേഷ് കുമാർ എന്നിവർ പൊന്നാടയും കാഴ്ചക്കുലയും വസ്ത്രവും നൽകി. വലിയ തമ്പുരാന്റെ കുടെ എത്തിയ കൊടുങ്ങല്ലൂർ കോവിലകത്തെ രാജപ്രതിനിധികളായ കെ.ചന്ദ്രമോഹനരാജ, ഉണ്ണിരാജ, മുരളീധര വർമ്മ, കെ ദിലീപ് കുമാർ എന്നിവർക്ക് കൺവൻഷൻ ഭാരവാഹികളായ പി.രാജേഷ്, എം.മനോജ് കുമാർ, പി.കെ റജികുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രവീന്ദ്രൻ നായർ, ദേവസ്വം എ.സി ദിലീപ് എന്നിവരും കരനാഥൻമാരും ചടങ്ങിന് നേത്യത്വം നൽകി.