# തോട്ടപ്പള്ളി പൊഴി മുറിക്കൽ ദ്രുതഗതിയിൽ
ആലപ്പുഴ: കിഴക്കൻ മേഖലയെ മഴക്കെടുതിയിൽ നിന്നു രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴി മുറിക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വിവാദങ്ങൾ ഉണ്ടാവാതിരിക്കാൻ ഇക്കുറി കാലവർഷം തുടങ്ങുംമുമ്പുതന്നെ പൊഴി മുറിക്കൽ തുടങ്ങിയിരുന്നു.
18.99 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചാണ് പൊഴിയിലെ മണൽ നീക്കാനുള്ള കരാർ നൽകിയത്. മേയ് 31ന് ജോലികൾ ആരംഭിച്ചു. രണ്ട് ഹിറ്റാച്ചി ഉപയോഗിച്ച് മുഴുവൻ സമയവും മണൽ നീക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ കടലിലേക്ക് ഉടൻതന്നെ മുറിച്ചുമാറ്റാവുന്ന വിധം മണൽ നീക്കം പൂർത്തിയാക്കും. നിലവിൽ തോട്ടപ്പള്ളി പാലത്തിന് കിഴക്കുവശം ജലനിരപ്പ് താഴെയാണ്.
25 മീറ്റർ വീതിയിൽ 150 മീറ്റർ നീളത്തിലാണ് പൊഴിയിലെ മണൽ നീക്കി ആഴം കൂട്ടുന്നത്. ശരാശരി 3 മീറ്റർ ആഴം വരും. ജലനിരപ്പ് ഉയർന്നാൽ അപ്പോൾതന്നെ പൊഴിമുഖത്തെ അവസാനഭാഗത്തെ മണൽ മൂന്നാം ഘട്ടമായി നീക്കി കടലിലേക്ക് വെള്ളം ഒഴുക്കാനാകുമെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ എം.ജി.ബിജു പറഞ്ഞു.
........................................
# കരാർ കാലാവധി നീട്ടി
പൊഴിമുഖത്തെ മണൽ നീക്കാൻ നൽകിയ കരാറിന് മൂന്നു മാസത്തെ കാലാവധികൂടി നൽകിയിട്ടുണ്ട്. ഈ കാലയളവിൽ പൊഴിമുഖം അടഞ്ഞാൽ സർക്കാരിന് അധിക ബാദ്ധ്യതയില്ലാതെ കരാറുകാർ തന്നെ മണൽ നീക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, മൺസൂൺ കനക്കുകയും കായലിലെ ജലനിരപ്പ് ഉയരുകയും ചെയ്താൽ തോട്ടപ്പള്ളി പൊഴിമുഖം അതിവേഗം മുറിച്ച് ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയും.
...............................................
# നീക്കേണ്ടത്ത്: 9,000 ക്യുബിക് മീറ്റർ മണ്ണ്
# ഇതുവരെ നീക്കിയത്: 7,000 ക്യുബിക് മീറ്റർ
# പ്രതീക്ഷിക്കുന്ന ചെലവ്: 18.99 ലക്ഷം
# മുറിക്കുന്ന ഭാഗത്തെ ആഴം: 3 മീറ്റർ