drama

ആലപ്പുഴ: കേവലം ഏഴുദിവസത്തെ പരിശീലനം, ഏഴിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികൾ. പേരിനുപോലും പിഴവു പറ്റാതെ അവർ അരങ്ങിൽ 'മുച്ചീട്ടുകളിക്കാരന്റെ മകൾ' വിസ്മയമായി.

കുടുംബശ്രീ ജില്ലാ മിഷന്റെയും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെയും ചെട്ടികാട് ഔവർ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പാതിരപ്പള്ളി പാട്ടുകളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ' നാടകപ്പറവ' കലാ ക്യാമ്പിൽ ഒരുക്കിയ നാടകമാണ് പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവമായത്. 'സാൻഡ് വിച്ച് തീയറ്റർ ' എന്ന നൂതന നാടക സങ്കേതത്തിൽ വേദിയൊരുക്കി ശ്രദ്ധേയനായ യുവ നാടകപ്രവർത്തകൻ മനോജ് ആർ.ചന്ദ്രനാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകൾ ' എന്ന വിഖ്യാത നോവലിന് രംഗഭാഷ്യം നൽകിയത്.

മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ബഷീർ കഥാപാത്രങ്ങളായ സൈനബയും ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മുത്തപ്പായുമെല്ലാമായി കുട്ടികൾ അരങ്ങിൽ അവതരിച്ചപ്പോൾ സദസ് നിറഞ്ഞ ഹർഷാരവത്തോടെ വരവേറ്റു. പ്രമുഖ നാടക പ്രവർത്തകനും ചലച്ചിത്ര സീരിയൽ നടനുമായ അമൽരാജ് ദേവ് ഉദ്ഘാടനം നിർവഹിച്ചു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. മാലൂർ ശ്രീധരൻ, അഡ്വ.കെ.ടി.മാത്യു, കെ.ബി.അജയകുമാർ, പുന്നപ്ര ജ്യോതികുമാർ, കുഞ്ഞുമോൾ ഷാജി, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ ജയൻ തോമസ് സ്വാഗതവും സി.ഡി.എസ് ചെയർപേഴ്‌സൺ ഷീല സുരേഷ് നന്ദിയും പറഞ്ഞു.