# ആറ്റിൽ വീണ കാർ അവിടെത്തള്ളി യുവാക്കൾ മുങ്ങി
മാന്നാർ: കുട്ടമ്പേരൂർ ആറ്റിൽ മുങ്ങിയ നിലയിൽ പുലർച്ചെ കണ്ടെത്തിയ കാർ നാട്ടിൽ പരിഭ്രാന്തി പരത്തി. നാട്ടുകാർ നടത്തിയ പരിശോധനയിൽ കാറിൽ ആരുമില്ലെന്ന് ഉറപ്പായതോടെ ആശങ്ക അകന്നു. പ്രദേശത്തെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ വന്ന യുവാക്കൾ സഞ്ചരിച്ച കാർ പിന്നിലേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് ആറ്റിലേക്കു മറിഞ്ഞതാണെന്നും പിന്നീട് വ്യക്തമായി.
ഇന്നലെ പുലർച്ചെയാണ് നാട്ടുകാർ ആറ്റിൽ കാർ കാണുന്നത്. വിവരമറിയിച്ചതോടെ മാന്നാർ പൊലീസും ചെങ്ങന്നൂരിൽ നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തി. കാറിൽ ആരുമില്ലെന്ന് ഉറപ്പാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പഴയ കുട്ടമ്പേരൂർ കടവിനു സമീപം ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ വന്ന യുവാക്കളുടെ ഇൻഡിഗോ കാറാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായത്. രാത്രിയിൽ തിരികെ മടങ്ങുന്നതിനിടെ റിവേഴ്സ് ഗിയറിൽ കാർ ആറ്റിലേക്കു വീഴുകയായിരുന്നു. ഇതിനിടെ കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. മാലിന്യം നീക്കി, ആറിന്റെ ആഴം കൂട്ടി ഇരുവശവും നിർമ്മിച്ച ബണ്ടിൽ 5000 മരങ്ങൾ നട്ടുപിടിപ്പിച്ച ചടങ്ങ് പരിസ്ഥിതി ദിനത്തിൽ നടന്നിരുന്നു. ചെടികൾ കൊണ്ടുവന്ന കവറുകളിലെ ചെളി കടവിലേക്കുള്ള റോഡിൽ കിടന്നിരുന്നു. ചെളിയിൽ ബ്രേക്ക് കിട്ടാതെയാവാം അപകടം ഉണ്ടായതെന്ന് കരുതുന്നു. തുടർന്ന് യുവാക്കളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കാർ കരയ്ക്ക് കയറ്റി.