photo
ചേർത്തല ശ്രീനാരായണ മെമ്മോറിയൽ എച്ച്.എസ്.എസിൽ അദ്ധ്യാപകനായി നി​യമനം ലഭിച്ച പ്രവീൺ രജിസ്റ്ററിൽ ഒപ്പിടുന്നു

ചേർത്തല: എന്തിനും ഏതിനും വിളിപ്പുറത്ത് എത്താറുള്ള ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ പ്യൂൺ പ്രവീൺ ഇപ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട മാഷാണ്.കഴിഞ്ഞ ജൂൺ ആറിന് ഹൈസ്കൂൾ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച പ്രവീണിനെ സഹപ്രവർത്തകർ ആദരവോടെയാണ് വരവേറ്റത്. അദ്ധ്യാപകനായി ഹാജർ രജിസ്റ്ററിൽ ഒപ്പുവയ്ക്കുമ്പോൾ പ്രവീണിന്റെ കണ്ണുകൾ നിറ‌ഞ്ഞൊഴുകിയിരുന്നു. ഒരച്ഛന്റെ ആഗ്രഹസാഫല്യത്തിനായി മകൻ നടത്തിയ കഠിനപ്രയത്നമുണ്ട് ആ കണ്ണീരിന് പിന്നിൽ.

കുത്തിയതോട് പറയകാട് നികർത്തിൽ പരേതനായ വാസുദേവന്റെ മകനാണ് മുപ്പത്തിയൊമ്പതുകാരനായ പ്രവീൺ.

പി.എസ്.സി വഴി 2005ൽ രാമപുരം ഗവ. ഹൈസ്കൂളിലാണ് പ്യൂണായി ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് തേവർവട്ടം ഹൈസ്കൂളിലും 2011 മുതൽ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് എച്ച്.എസ്.എസിലും ജോലി ചെയ്തു. ഇതിനിടയിലാണ് പ്രവീണിന്റെ അച്ഛൻ വാസുദേവൻ ട്രെയിൻ അപകടത്തിൽ മരിക്കുന്നത്.വാസുദേവൻ എപ്പോഴും പറയുമായിരുന്നു അദ്ധ്യാപകനായി പ്രവീണിനെ ഒരു ദിവസമെങ്കിലും ഒന്നു കാണണമെന്ന്. അച്ഛന്റെ മരണശേഷം അദ്ധ്യാപകനാകാനുള്ള കഠിന പരിശ്രമത്തിലായിരുന്നു ബി.കോം ബിരുദധാരിയായ പ്രവീൺ. ഇതിനിടെ വിദൂര വിദ്യാഭ്യാസത്തിലൂടെ എം.കോം പഠിച്ചു. 2014ൽ സർവീസിൽ നിന്ന് അവധിയെടുത്ത് ബി.എഡ് പഠനത്തിന് ചേർന്നു. 2016ൽ ബി.എഡ് പഠനം പൂർത്തിയാക്കി ഓഫീസ് അസിസ്റ്റന്റായി പട്ടണക്കാട് എസ്.സി.യു.വി ജി.എച്ച്.എസിൽ ജോലിയിൽ തിരികെ പ്രവേശിച്ചു.

ഈ കാലയളവിലാണ് ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് വഴി അദ്ധ്യാപക ഒഴിവിലേക്ക് ഒരുകൈ നോക്കുന്നത്. സെറ്റും നെറ്റും ഇതിനോടകം സ്വന്തമാക്കിയിരുന്നു. ജില്ലയിൽ നിന്ന് പ്രവീൺ മാത്രമായിരുന്നു അപേക്ഷകൻ.ഒടുവിൽ കഴിഞ്ഞ ജൂൺ ആറിന് സോഷ്യൽ സയൻസ് അദ്ധ്യാപകനായി നിയമനം. ഹയർ സെക്കൻഡറി അദ്ധ്യാപക തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിലും പ്രവീണുണ്ട്. ഇതിന്റെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള അറിയിപ്പും ലഭിച്ചിട്ടുണ്ട്.തന്റെ അച്ഛൻ മുകളിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടാകുമെന്ന് പ്രവീൺ പറയുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എൻ.കെ. ജഷീനയാണ് ഭാര്യ. മകൻ: രണ്ടാം ക്ലാസ് വിദ്യാത്ഥിയായ ഉജ്ജ്വൽ വാസുദേവ്. മാതാവ്: ശുഭ.

 അച്ഛന്റെ മരണം; ഹൃദയം നുറുങ്ങുന്ന വേദന

2012 മാർച്ച് നാലിന് അച്ഛൻ വാസുദേവൻ ട്രെയിൻ അപകടത്തിലാണ് മരിക്കുന്നത്.അച്ഛനെ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ പ്രവീണിനെ ചേർത്തലയിലെ സ്കൂളിൽ നിന്ന് പ്രഥമാദ്ധ്യാപിക അടിയന്തരമായി വിളിച്ചു. സ്കൂളിൽ പോയി തിരികെ വരുന്നതിനിടെ വാസുദേവൻ വീടിനടുത്തുള്ള ലെവൽക്രോസ് മറികടന്നു അപ്പുറത്തെ റോഡിലേക്ക് നിൽക്കാൻ ശ്രമിച്ചു. എന്നാൽ ട്രെയിൻ വരുന്നത് വാസുദേവൻ കണ്ടിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. അച്ഛന്റെ ചിന്നിച്ചിതറിയ മൃതദേഹമാണ് പിന്നീട് മകൻ കണ്ടത്.