# സമാന്തര റോഡിൽ തെന്നിവീഴാൻ സാദ്ധ്യതയേറെ
കായംകുളം: പുതുപ്പള്ളിയിൽ മുട്ടേൽ പാലം പൊളിക്കുന്നതിനാൽ സമാന്തരമായി കരാറുകാർ നിർമ്മിച്ച റോഡിലൂടെയുള്ള യാത്ര അപകടത്തിന് വഴിയൊരുക്കുന്നു.
മഴയിൽ ചെളി നിറഞ്ഞ് കുണ്ടുംകുഴിയുമായ ഈ റോഡിൽ നിന്ന് കാൽനട യാത്രക്കാരും ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷകളും തോട്ടിലേക്ക് തെന്നി വീഴാനുള്ള സാദ്ധ്യത ഏറെയാണ്.
ചെമ്മണ്ണിട്ട് ഉയർത്തിയ റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷിതത്വം ഉറപ്പാക്കാത്തതിനാൽ തെന്നി മാറുന്ന ഇരുചക്ര വാഹനങ്ങൾ വിടവിലൂടെ തോട്ടിലേക്ക് വീഴാം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യാത്രക്കാരാണ് അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
നൂറുകണക്കിനു യാത്രക്കാരാണ് കായംകുളത്തേക്കും തിരിച്ചുമുള്ള യാത്രയിൽ ഈ സമാന്തര റോഡിനെ ആശ്രയിക്കുന്നത്. അപകട ഭീഷണി ഉയർത്തുന്ന അപ്രോച്ച് റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാർ. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മെച്ചപ്പെട്ട സമാന്തര റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലനിരപ്പ് ഉയരും തോറും വെള്ളത്തിലാകും വിധമാണ് സമാന്തര റോഡിന്റെ സ്ഥിതി. കുറ്റിയായി നാട്ടിയിരിക്കുന്ന തെങ്ങിൻ കഷ്ണങ്ങൾ ഉലയുന്നതും യാത്രക്കാരിൽ ഭീതി ഉണർത്തുന്നു.