# അവശ്യ ഘട്ടങ്ങളിൽ1090,1021 നമ്പരുകളിൽ ബന്ധപ്പെടാം
ആലപ്പുഴ: മഴക്കാലം മറയാക്കാൻ കള്ളൻമാർ രംഗത്തെത്തിക്കഴിഞ്ഞു. ഇനി സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ കടമ. മുൻകരുതൽ നിർദ്ദേശങ്ങളുമായി പൊലീസും എത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള കള്ളൻമാർ രാത്രിയിലെത്തി 'ജോലി' പൂർത്തിയാക്കി പുലർച്ചെ സ്ഥലം കാലിയാക്കുന്നവരാണ്. കണ്ണിമ തെറ്റിയാൽ കൃഷ്ണമണി പോലും അടിച്ചുമാറ്റുന്ന ഇത്തരക്കാരെ കരുതിയിരിക്കുക എന്നുള്ളതാണ് ഈ മൺസൂൺ കാലത്തെ ഏറ്റവും പ്രധാന ദൗത്യം.
പാതിരാത്രിയിൽ ആലപ്പുഴയിലെത്തുന്ന ചെന്നൈ- ഗുരുവായൂർ എക്സ്പ്രസിൽ വന്നിറങ്ങുന്ന, തമിഴ്നാട്ടിൽ നിന്നുള്ള തിരുട്ട് കള്ളൻമാർ (കള്ളൻമാർ ഏറെയുള്ള പ്രദേശത്തു നിന്ന് എത്തുന്നവർ) പകൽ വീടുകൾ നോക്കിവച്ച് രാത്രിയിലാണ് മാേഷണത്തിനിറങ്ങുന്നത്. ഇതിനുപുറമേ മറ്റിടങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ കള്ളൻമാരും ലോക്കൽ കള്ളൻമാരും തക്കം പാർത്തിരിപ്പുണ്ട്. കള്ളൻമാരെ പൊക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ മൺസൂൺ' കഴിഞ്ഞ വ്യാഴാഴ്ച ജില്ലയിൽ ആരംഭിച്ചു.
മഴക്കാലമാണ് മോഷ്ടാക്കളുടെ ഇഷ്ട സീസൺ. റോഡുകൾ വിജനമാകുന്നതും വീട്ടുകാർ മൂടിപ്പുതച്ച് ഉറങ്ങുന്നതും ഇത്തരക്കാർ നന്നായി പ്രയോജനപ്പെടുത്തും. ഇത്തവണ മഴക്കാലത്തിന് മുമ്പുതന്നെ മോഷ്ടാക്കൾ സജീവമായത് പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. മഴക്കാല മോഷണത്തിനുള്ള സാദ്ധ്യത മുൻനിറുത്തി മുൻകരുതലുകൾ എടുക്കണമെന്ന് പൊലീസ് സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്. വീടിൻെറ വാതിലുകൾക്ക് ഇരുമ്പ് പൂട്ട് വയ്ക്കുന്നത് മുതൽ വീട്ടിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതു വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതോടെ വൈറലായിക്കഴിഞ്ഞു. മഴക്കാല രാത്രികളിൽ ഉണ്ടാകുന്ന ചലനങ്ങൾ അധികം ശ്രദ്ധിക്കപ്പെടില്ല എന്നത് മോഷ്ടാക്കൾക്ക് അനുകൂല ഘടകമാണ്. വീടിന്റെ മുൻവാതിലിന് മുന്തിയ പൂട്ടുകൾ സ്ഥാപിക്കുന്നവർ പിൻവാതിലിന് അത്ര പ്രാധാന്യം കൽപ്പിക്കാത്ത പതിവുണ്ട്. ഏതു വാതിലിലൂടെയും മോഷ്ടാക്കൾ അകത്തു കയറാമെന്നത് മറക്കരുതെന്നാണ് പൊലീസിന് പറയാനുള്ളത്.
..........................................
# എല്ലാം കൺട്രോളിൽ
മൺസൂൺ ഓപ്പറേഷൻെറ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനിലും രാത്രിയിൽ കുറഞ്ഞത് 5 പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. സ്പെഷ്യൽ നൈറ്റ് പട്രോളിംഗിന് നിയോഗിച്ച പൊലീസുകാർ ഇടവേളകളിലായി എല്ലാ സ്ഥലങ്ങളിലും നിരീക്ഷണം നടത്തും. മഴക്കാലത്ത് മുഴുവൻ സമയ ആവശ്യങ്ങൾക്കായി സ്പെഷ്യൽ ബ്രാഞ്ച് രൂപീകരിച്ചിട്ടുണ്ട്. ആലപ്പുഴ-ചേർത്തല, കായംകുളം- ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സി.ഐയുടെ നേതൃത്വത്തിലും മറ്റിടങ്ങളിൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലും പ്രത്യേക സ്ക്വാഡ് നൈറ്റ്പട്രോളിംഗ് നടത്തും.
........................................
ഓപ്പറേഷൻ മൺസൂൺ
# അപരിചിതരെയും സംശയമുള്ളവരെയും നിരീക്ഷിക്കാനും പൊലീസ് സ്റ്റേഷനിലോ ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കാനും ഒരോ സ്ഥലങ്ങളിലും വിശ്വസ്തരെ നിയോഗിച്ചിട്ടുണ്ട്.
# റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്താൽ നൈറ്റ് പട്രോൾ സംവിധാനം ശക്തിപ്പെടുത്തും. സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കുറ്റിക്കാടുകൾ, താമസമില്ലാത്ത വീടുകൾ എന്നിവയും രാത്രികാല പട്രോളിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
# അടുത്തകാലത്ത് ജയിൽ മോചിതരായവരുടെയും മുൻകാല മോഷ്ടാക്കളുടെയും വിവരങ്ങൾ ശേഖരിച്ച് അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി
# മുതിർന്ന ആളുകൾ തനിച്ച് താമസിക്കുന്ന വീടുകളുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കും
# സ്വർണാഭരണങ്ങൾ വിൽക്കാൻ എത്തുന്ന അപരിചതരെ സംബന്ധിച്ച വിവരങ്ങൾ ഉടൻ പൊലീസിൽ അറിയിക്കാൻ ജുവലറി ഉടമകൾക്ക് നിർദ്ദേശം നൽകി
# അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾക്ക് വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് കൊടുക്കരുതെന്ന് നിർദ്ദേശം നൽകും
# പ്രതിവാരം ആരാധാനാലയങ്ങളുടെ കാണിക്ക വഞ്ചികൾ തുറന്ന് പണം ശേഖരിക്കുന്നത് നിർബന്ധമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി
# വ്യാപാര സ്ഥാപനങ്ങളിലും മറ്റും സുരക്ഷയ്ക്കായി സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചു
# താത്കാലികമായി വീട് പൂട്ടിപ്പോപോകുന്നവർ വിവരം സ്റ്റേഷനിൽ അറിയിക്കണം
ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
......................................................................
പൊലീസിന്റെ നിർദ്ദേശങ്ങൾ
* ജനാലകൾ രാത്രി അടച്ചിടുക, അപരിചിതർ കോളിംഗ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽവഴി സംസാരിക്കുക
* അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക
* വീടിനു പുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഒഫാക്കാതിരിക്കുക
* അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെയോ അയൽക്കാരെയോ റസിഡന്റ്സ് ഭാരവാഹികളെയോ അറിയിക്കുക
* കഴിയുന്നതും ശക്തവും നീണ്ട വെളിച്ചവുമുള്ള പവർ ടോർച്ച് / സേർച്ച് ലൈറ്റുകൾ വീട്ടിൽ കരുതുക.
* വീട് പൂട്ടി പുറത്തു പോകുന്നവർ മോഷ്ടാക്കൾക്ക് മനസിലാകുന്ന രീതിയിൽ ഗേറ്റിന് വെളിയിൽ താഴിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകം പൂട്ട് വരത്തക്ക വിധം ചെയ്യുക
* സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
* കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേസമയം നാലുഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക.
* പൊലീസ് വരുന്നതിന് മുമ്പ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയിൽ തൊടാതിരിക്കുക. അങ്ങനെ ചെയ്താൽ തെളിവ് നഷ്ടപ്പെടാൻ കാരണമാവും.
* നിരീക്ഷണ കാമറ ഉള്ളവർ രാത്രി റെക്കോഡ് മോഡിൽ ഇടുക