bridge

കായംകുളം: കൂട്ടുംവാതുക്കൽ കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ച് സി.പി.എം കണ്ടല്ലൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച് ബാബുജാൻ, എം.എ.അലിയാർ, പി.അരവിന്ദാക്ഷൻ,എ.വി രജ്ഞിത്ത് ,പി. ഗാനകുമാർ, ബി.അബിൻഷാ, എ.അജിത്ത്, എം.പുഷ്കരൻ എന്നിവർ സംസാരിച്ചു,

തീരദേശ വാസികളുടെ ചിരകാലാഭിലാഷമായ കൂട്ടുംവാതുക്കൽ പാലത്തിന്റെ പ്രാഥമിക ഡിസൈൻ പൂർത്തിയായതായും ഈ സർക്കാരിന്റെ കാലത്തു തന്നെ പാലം നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

കണ്ടല്ലൂർ - ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മാണത്തിനും സ്ഥലമെടുപ്പിനുമായി 65 കോടി രൂപയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. മൂന്നു മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയും.

പാലം നിർമ്മിക്കുന്നതിന്റെ പ്രാരംഭ പരിശോധനകൾ പൂർത്തിയായി. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പാലം നിർമ്മാണത്തിന് നാല് വർഷം മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവച്ചെങ്കിലും ഇതുവഴി യാത്രക്കാർ കുറവാണെന്നുള്ള ചീഫ് എൻജിനിയരുടെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ മരവിപ്പിച്ചിരുന്നു.

പാലം പൂർത്തിയായാൽ കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലുള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ ഓച്ചിറ, ആയിരംതെങ്ങ് ഭാഗങ്ങളിൽ എത്തിച്ചേരാനാകും. കൂടാതെ കണ്ടല്ലൂർ നിവാസികൾക്ക് ദേവികുളങ്ങര വടക്കേആഞ്ഞിലിമൂട് വഴി ദേശീയപാതയിൽ എത്താനും കഴിയും.