ambalapuzha-news

അമ്പലപ്പുഴ : വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി ഇന്ന് നാടൊന്നിക്കും. പുറക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഗോകുലത്തിൽ ചന്ദ്രബോസിന്റെ മകൻ അജിമോനാണ് (39) വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. പുറക്കാട് പഞ്ചായത്തിലെ ഒന്നു മുതൽ 5 വരെ വാർഡുകളിലാണ് ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടക്കുക.

അമ്പലപ്പുഴ - തിരുവല്ല റോഡിൽ കരുമാടി ഗുരുമന്ദിരത്തിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് അജിമോന് പരിക്കേറ്റത്. തലച്ചോറിൽ ശക്തമായ ക്ഷതം ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇപ്പോൾ തന്നെ 7 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചിലവായി. ഇനിയും 10 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാര്യയും 8 വയസുള്ള കുട്ടിയുമടങ്ങുന്ന അജിമോന്റെ നിർദ്ധന കുടുംബത്തിന് ഈ തുക കണ്ടെത്താൻ കഴിയില്ല. പി.പ്രസാദ്, ശ്രീജ പുത്തൻപറമ്പ് ,ബി.പ്രിയ, കെ.രാജീവൻ, ജയശ്രീ ചന്തു, സഞ്ജീവൻ, സജി മാത്തേരി ,കെ.ഉത്തമൻ ,പ്രഭാരവി, അംബിക വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സാ ധനസഹായം സ്വരൂപിക്കുക.